സഹകരണ പ്രതിസന്ധി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലും സഹകരണമേഖലിയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കുകളെയും ശബരിമല-ഗുരുവായൂര്‍ തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം ന്‍കി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസിന്റെ സഹായം തേടണമെന്നും യൂണിറ്റ് ഓഫീസര്‍മാരില്‍ ഒരാളെങ്കിലും യൂണിറ്റിലുണ്ടാകണമെന്നും നിര്‍ദേശം നല്‍കി. അതേസമയം ഹര്‍ത്താലിനെത്തുടര്‍ന്ന് കേരള-കര്‍ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ആരോഗ്യസര്‍വകലാശാല, കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ മാറ്റമില്ലാതെ നടക്കും.
ഹര്‍ത്താല്‍ വിനോദ സഞ്ചാരികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റുകളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സഹകരണ പ്രതിസന്ധി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു
Tags: harthal