X

ഇത് ഹര്‍ത്താല്‍ നിരോധിത മേഖല; ആലപ്പുഴ സക്കരിയബസാറിലും വട്ടപ്പള്ളിയിലും പാനൂരിലും ഇന്നലെയും എല്ലാം പതിവ് പോലെ

ആലപ്പുഴ: ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താല്‍ ആണെങ്കിലും ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയിലും സക്കരിയബസാറിലും തൃക്കുന്നപ്പുഴയിലെ പാനൂരിലും അതൊന്നും കാര്യമായി ഏക്കാറില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ള പ്രദേശമാണെങ്കിലും ഇവിടെയെങ്ങും ഹര്‍ത്താല്‍ ദിനങ്ങളില്‍ എല്ലാം പതിവ് പോലെയാണ്. ഇവിടെ ആരും നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ എത്താറില്ല. അങ്ങനെ ആരെങ്കിലും എത്തിയാല്‍ തന്നെ അവരെയെല്ലാം ഒഴിവാക്കി വിടാന്‍ ഇവിടെത്തുകാര്‍ ഒറ്റക്കെട്ടാണ്. പെട്രോള്‍ പമ്പിന്റെ കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഏത് ഹര്‍ത്താല്‍ ദിവസത്തിലും ഇവിടെ കിട്ടുമെന്നാണ് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ആഹ്വനം ചെയ്ത ഹര്‍ത്താല്‍ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ പൂര്‍ണ്ണമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുക കൂടി ചെയ്തതോടെ ജനം പുറത്തിറങ്ങാന്‍ പോലും ഭയന്നു. എന്നാല്‍ ആലപ്പുഴ സക്കരിയ ബസാറിലും വട്ടപ്പള്ളിയിലും എല്ലാംപതിവ് പോലെയായിരുന്നു. ഭൂരിഭാഗം കടകളും ഇന്നലെ ഇവിടെ തുറന്നിരുന്നു. ഉച്ചക്ക് 12 മണിയോടെ ബിജെപി-ശിവസേന പ്രവര്‍ത്തകര്‍ 15ഓളം പേര്‍ ബൈക്കിലെത്തി കടയടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ സംഘടിച്ച് എത്തിയതോടെ അവര്‍ സ്ഥലംവിട്ടു. പിന്നീട് ഇര്‍ഷാദ്, പുലയന്‍വഴി പ്രദേശത്ത് തുറന്ന കടകള്‍ അടപ്പിക്കാന്‍ ബിജെപിക്കാര്‍ ശ്രമിച്ചെങ്കിലും വ്യപാരികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നടന്നില്ല.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂര്‍ പ്രദേശത്തുകാര്‍ ഹര്‍ത്തലിനോട് വിടചൊല്ലിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.
പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ നിരോധിത മേഖലയായി പാനൂര്‍ നിലനില്‍ക്കുന്നത്. ഏത് പാര്‍ട്ടിയുടെ ഹര്‍ത്താല്‍ നടന്നാലും ഇവിടേക്ക് ഒരു കക്ഷിക്കാരും കടകള്‍ അടപ്പിക്കാനായി എത്താറില്ല. അതിനാല്‍ തന്നെ സമീപ പ്രദേശങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി പേരാണ് പാനൂരിലേക്ക് ഹര്‍ത്താല്‍ ദിനത്തില്‍ സാധനങ്ങള്‍ വാങ്ങാനായി എത്തുന്നത്.

chandrika: