ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദല്‍ പഞ്ചാബില്‍ അറസ്റ്റിലായി. പ്രതിഷേധത്തിനായി ചണ്ഡീഗഢിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തുടര്‍ന്ന് രാത്രി 11.30 ഓടെ അവരെ വിട്ടയക്കുകയും ചെയ്തു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് ബാദല്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. അതിന് പിന്നാലെ ശിരോമണി അകാലി ദള്‍ എന്‍ഡിഎ മുന്നണി വിടുകയും ചെയ്തിരുന്നു.
കര്‍ഷകര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ ശിരോമണി അകാലി ദള്‍ മൂന്ന് കിസാന്‍ മാര്‍ച്ചുകള്‍ക്ക് വ്യാഴാഴ്ച രാവിലെ തുടക്കം കുറിച്ചിരുന്നു. അവയില്‍ ഒന്ന് നയിക്കുന്നതിനിടെയാണ് ഹര്‍സിമ്രത് അറസ്റ്റിലായത്.