കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇന്ന് കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം. കത്രിക വയറ്റില്‍ കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴല്ലെന്നാണ് ഡി.എം.ഒയുടെ നേതൃത്വത്തില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇത് മുഖവിലക്കെടുക്കാതെ കേസില്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും പൊലീസ് പ്രതി ചേര്‍ത്താലും ഈ റിപ്പോര്‍ട്ട് കോടതിയില്‍ അനുകൂലമാകുമെന്നാണ് ഇവരുടെ നിഗമനം.
ഹര്‍ഷിന നല്‍കിയ പരാതി പ്രകാരം നിലവിലെ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി എന്നിവരെയാണ് പ്രതികളായി ചേര്‍ത്തിരുന്നത്. എന്നാല്‍, പൊലീസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ 2017ല്‍ ഹര്‍ഷിനക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയ സീനിയര്‍ സര്‍ജന്‍, പി.ജി ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ പുതുതായി ചേര്‍ക്കുന്നത്. ഇപ്രകാരം പ്രതിപ്പട്ടിക തയ്യാറാക്കുന്നതിന് കഴിഞ്ഞ ദിവസം ഗവ. പ്ലീഡറില്‍ നിന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ചതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. നടപടികളുമായി മുന്നോട്ട് പോകാമെന്ന് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറില്‍ നിന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം.
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്‍ പ്രതികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.