X

സി.പി.ഐ സമ്മേളനങ്ങളില്‍ കാനത്തെ കാത്തിരിക്കുന്നത് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായതോടെ പാര്‍ട്ടി നേതൃത്വം സി.പി.എമ്മിന് കീഴ്‌പെടുന്ന പ്രവണതക്കെതിരെ ഘടകങ്ങളില്‍ ആശയക്കുഴപ്പം. ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ ‘തിരുത്തല്‍ ശക്തി’ എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ വ്യതിചലിക്കുന്നെന്നാണ് ജില്ലാ കമ്മിറ്റി മുതല്‍ താഴെയുള്ള ഘടകങ്ങളുടെ പരാതി.

കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപും ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം കാനത്തിന്റെ കീഴടങ്ങല്‍ നയത്തില്‍ ഒലിച്ചുപോയെന്നാണ് ജില്ലാനേതാക്കള്‍ പറയുന്നത്. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് സി.പി.എമ്മിനെ അടച്ചാക്ഷേപിക്കണമെന്നല്ല, പകരം ഇടത് നയങ്ങില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ തിരുത്തേണ്ട ചുമതല സി.പി.ഐക്കുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. സി.പി.എമ്മിന്റെ തലപ്പത്ത് പിണറായി വന്നശേഷം പോലും അത്തരം സമീപനങ്ങളില്‍ സി.പി.ഐ നേതൃത്വം വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് വെളിയം ഭാര്‍ഗവനെയും സി.കെ ചന്ദ്രപ്പനെയും ഉദാഹരിച്ച് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന അസിസ്റ്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും നേരത്തേ ഈ മാതൃക തുടര്‍ന്നെങ്കിലും കാനത്തിന്റെ മൃദുസമീപത്തില്‍ അവരും പിന്‍വാങ്ങിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ദേശീയ നേതാവ് ആനിരാജയെ അധിക്ഷേപിച്ച് എം.എം മണി നടത്തിയ പരാമര്‍ശത്തിനു പോലും മറുപടി നല്‍കാന്‍ കാനം തയാറായില്ല. മണിയെ പിന്തുണച്ചും ആനിരാജയെ തള്ളിയുമാണ് വിഷയത്തില്‍ കാനം നിലപാട് സ്വീകരിച്ചത്. സി.പി.ഐ മന്ത്രിമാര്‍ക്കു പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം സി.പി.എമ്മിന് ഒത്താശ ചെയ്താല്‍ അത് പാര്‍ട്ടിയെ പൊതുവേ ബാധിക്കുമെന്ന വികാരമാണ് നേതാക്കള്‍ പങ്കുവെക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭായോഗത്തില്‍ നിന്നുപോലും വിട്ടുനില്‍ക്കാന്‍ സി.പി.ഐ തയാറായിരുന്നു. എന്നാലിപ്പോള്‍ ഇടത് നയത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ കൈക്കൊളളുമ്പോള്‍ അതിനെ ആര്‍ജ്ജവത്തോടെ ചോദ്യം ചെയ്യാനാകുന്നില്ല. കാനത്തിന് മുഖ്യമന്ത്രിയെ ഭയമാണെന്നും സി.പി.ഐ നേതാക്കള്‍ പരിഹസിക്കുന്നു.

മുട്ടില്‍ മരംമുറി അടക്കമുള്ള വിവാദങ്ങളില്‍ സി.പി.ഐയെ പഴിചാരി രക്ഷപ്പെടാനാണ് സി.പി.എം ശ്രമിച്ചത്. ഒപ്പമുള്ളവരെ സംരക്ഷിക്കാതെ സി.പി.എമ്മിന്റെ എല്ലാ നയങ്ങളെയും സി.പി.ഐ കണ്ണുമടച്ച് ശരിവെക്കുന്നെന്നും വിമര്‍ശനമുണ്ട്. അതിരപ്പിള്ളി പദ്ധതിയും മാവോയിട്ട് വേട്ടയും മുതല്‍ കെ റെയില്‍ വരെയുള്ള വിഷയങ്ങളില്‍ സി.പി.ഐ ഇടതുനയത്തില്‍ തന്നെ തുടരണമെന്നാണ് നേതാക്കളോട് കീഴ്ഘടകങ്ങള്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്തിനു പിന്നാലെ മറ്റ് ജില്ലാ സമ്മേളനങ്ങളിലും നേതൃത്വത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമുയരാനാണ് സാധ്യത.

Chandrika Web: