X

കെയ്ന്‍ ഗെയ്മില്‍ പാനമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്

മോസ്‌കോ: അപാര ഫോം തുടരുന്ന നായകന്റെ കരുത്തില്‍ ഗ്രൂപ്പ് ജി രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ അത് ആറാക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം ആദ്യ ലോകകപ്പ് കളിക്കുന്ന പനാമ ടൂര്‍ണമെന്റെിലെ തങ്ങളുടെ ആദ്യ ഗോള്‍ നേടുകയുമുണ്ടായി. ഹാട്രിക്ക് നേട്ടത്തോടെ ഇംഗ്ലണ്ടിനെ നായകന്‍ ഹാരി കെയ്ന്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുന്ന കാഴ്ചയായിരുന്നു.
ഹാട്രിക്കോടെ പല റെക്കോര്‍ഡുകളും ഹാരി കെയ്ന്‍ തിരുത്തിക്കുറിക്കുകയും ചെയ്തു. തന്റെ ആദ്യ ലോകകപ്പിലെ ആദ്യത്തെ രണ്ടു കളിയില്‍ നിന്നും ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി ഹാരി കെയ്ന്‍ മാറി. 1974 ല്‍ പോളണ്ടിന്റെ ലാറ്റോ ആണ് ഈ നേട്ടം കൈവരിച്ചത്.

നിഷ്‌നി നോവോഗാര്‍ഡില്‍ നടന്ന കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇംഗ്ലീഷുകാര്‍ ഒരിക്കല്‍ പോലും പനാമയ്ക്കു മേല്‍കൈ നല്‍കാന്‍ അനുവദിച്ചില്ല. 1986 ന് ശേഷം തുടര്‍ച്ചയായ രണ്ട് കളികളില്‍ രണ്ടോ അതിലധികമോ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഹാരി കെയ്ന്റെ പേരിലായി മാറി. എന്നാല്‍ ഇന്നത്തെ ഹാട്രിക്കോടെ ഈ ലോകകപ്പിലെ ടോപ്പ് സ്‌കോററായും ഹാരി കെയ്ന്‍ മാറി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം.

നായകന്‍ ഹാരി നേടിയ ഇരട്ട ഗോളുകളിലൂടെ ടൂണീഷ്യക്കെതിരെ ആദ്യ മല്‍സരം ജയിച്ചവരാണ് ഇംഗ്ലണ്ട് . പാനമയാവട്ടെ കന്നി ലോകകപ്പിലെ കന്നി മല്‍സരത്തില്‍ ബെല്‍ജിയത്തോട് കുറേ സമയം പൊരുതി നിന്ന് അവസാനം മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടവരും.

നേരത്തെ നാല് ഗോളുമായി മുന്നില്‍ നിന്നിരുന്നത് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം ലുകാക്കുവുമായിരുന്നു. ഇരുവരും നാല് ഗോളായിരുന്നു നേടിയിരുന്നത്. കളിയ്ക്ക് മുമ്പ് രണ്ട് ഗോള്‍ നേടിയുന്ന ഹാരി ഹാട്രിക്കോടെ തന്റെ ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തുകയും പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.

chandrika: