X

ഹാരിസ് ബീരാനും ജോസ് കെ. മാണിയും പി.പി. സുനീറും സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ് ബീരാന്‍ (മുസ്‌ലിം ലീഗ്), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), പി.പി. സുനീര്‍ (സി.പി.ഐ) എന്നിവരാണ് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ദന്‍ഖര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. ഹാരിസ് ബീരാനും ജോസ് കെ. മാണിയും ദൈവനാമത്തില്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ പി.പി. സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തു.

ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് കൂടിയായ ഹാരിസ് കാല്‍ നൂറ്റാണ്ടായി രാജ്യ തലസ്ഥാനത്ത് സ്ഥിരംതാമസമാക്കി പ്രവര്‍ത്തിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളില്‍ മുസ്ലിംലീഗിനു വേണ്ടി സുപ്രീംകോടതിയില്‍ നിലകൊണ്ട ഹാരിസ് എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.

മഹാരാജാസ് കോളജില്‍ എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളജിലും എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന ഹാരിസ് ബീരാന്‍ 1998ല്‍ ആണ് ഡല്‍ഹി തട്ടകമാക്കുന്നത്. 2011 മുതല്‍ ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തില്‍ മുസ്ലിം ലീഗിന്റെ സംഘാടനത്തിനുവേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാന്‍ രംഗത്തുണ്ട്.

അബ്ദുന്നാസിര്‍ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിനുള്ള നിയമപോരാട്ടങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു. കപില്‍ സിബലടക്കം മുതിര്‍ന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമയുദ്ധത്തിലും സജീവ ഇടപെടല്‍ നടത്തി. ഡല്‍ഹി കലാപം ഉള്‍പ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇരകള്‍ക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.

മുസ്ലിം ലീഗിന്റെ പേര് മാറ്റണമെന്ന ഹരജിക്കെതിരെയും മുത്തലാഖ് ബില്‍, ഹിജാബ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും നടത്തിയ നിയമപരമായ ഇടപെടലുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിനുവേണ്ടിയും ജാതി സെന്‍സസ് നടപ്പാക്കുന്നതിനും നിയമ ഇടപെടലുകള്‍ നടത്തുന്നു.

ഓള്‍ ഇന്ത്യ ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറാണ്. ബാബരി മസ്ജിദ്, സംവരണം തുടങ്ങിയ കേസുകളില്‍ ഇടപെട്ട നിയമവിദഗ്ധനും മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായ വി.കെ. ബീരാന്റെ മകനാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ: മജ്ദ ത്വഹാനി. മക്കള്‍: അല്‍ റയ്യാന്‍, അര്‍മാന്‍.

webdesk13: