ഡര്‍ബി: 115 പന്തില്‍ പുറത്താവാതെ 171 റണ്‍സടിച്ച ഹര്‍മന്‍പ്രീത് കൗറിന്റെ മികവില്‍ വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. 40 ഓവറില്‍ മുഴുവന്‍ വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍. മോശം കാലാവസ്ഥ കാരണം 42 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു.
ഏകദിനത്തില്‍ ഒരു വനിതാ താരം നേടുന്ന വലിയ അഞ്ചാമത്തെ സ്‌കോറാണ് ഹര്‍മന്‍പ്രീതിന്റെ 171 നോട്ടൗട്ട്.
ആദ്യ ഓവറില്‍ സ്മൃതി മന്ദാനയെയും (6) പത്താം ഓവറില്‍ പൂനം റാവത്തിനെയും (14) നഷ്ടമായ ഇന്ത്യയെ കരയകറ്റിയത് ക്യാപ്ടന്‍ മിതാലി രാജും (36) കൗറും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 25-ാം ഓവറിലെ അവസാന പന്തില്‍ മിതാലി രാജ് പുറത്താകുമ്പോള്‍ ഇന്ത്യ 101 റണ്‍സിലെത്തിയിരുന്നു.
തുടക്കത്തില്‍ പതുക്കെ കളിച്ച ഹര്‍മന്‍പ്രീത് കൗര്‍, മിതാലി രാജ് പുറത്തായതിനു ശേഷം കളിയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയായിരുന്നു. 90 പന്തില്‍ പന്ത്രണ്ട് ഫോറും രണ്ട് സിക്‌സറുമടക്കമാണ് അവര്‍ ശതകത്തിലെത്തിയത്.
മൂന്നക്കം കടന്ന ശേഷം വെറും 17 പന്തിലാണ് അവര്‍ അടുത്ത 50 റണ്‍സ് കുറിച്ചത്.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നാലുപാടും പായിച്ച ഹര്‍മിന്ദര്‍ ആകെ 20 ഫോറും ഏഴ് സിക്‌സറും നേടി. മൂന്നാംവിക്കറ്റില്‍ മിതാലി രാജിനൊപ്പം 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹര്‍മന്‍പ്രീത് നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മ(25)ക്കൊപ്പം 137 റണ്‍സ് ചേര്‍ത്തു. ആറാമതായി ഇറങ്ങിയ വേദ കൃഷ്ണമൂര്‍ത്തി (10 പന്തില്‍ 16) പുറത്താകാതെ നിന്നു.
21 റണ്‍സിനിടെ ഓസീസിന്റെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തന്നെ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ എല്ലിസ് പെറിയും (38) എലൈസ് വില്ലാനിയും (75) കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ മത്സരം മുറുകി. എന്നാല്‍ വില്ലാനിയെ രാജേശ്വരി ഗെയ്ക്ക്‌വാദും പെറിയെ ശിഖ പാണ്ഡെയും മടക്കിയതോടെ കളി വീണ്ടും ഇന്ത്യയുടെ വരുതിയിലായി. പിന്നീട് അലിസ ഹീലി (5) ആഷ്‌ലി ഗാര്‍ഡ്‌നര്‍ (1), ജെസ് ജൊനാസന്‍ (1), മെഗാന്‍ ഷൂട്ട് (2) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി. 11-ാം നമ്പറുകാരിയായ ക്രിസ്റ്റ്യന്‍ ബീംസിനെ (11) ഒരറ്റത്ത് നിര്‍ത്തി അലക്‌സ് ബ്ലാക്ക്‌വെല്‍ (56 പന്തില്‍ 90) നടത്തിയ വെടിക്കെട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും ദീപ്തി ശര്‍മയുടെ പന്തില്‍ ബ്ലാക്ക്‌വെല്‍ മടങ്ങിയതോടെ ഇന്ത്യ രണ്ടാം തവണ ലോകകപ്പ് ഫൈനലിലെത്തി.