X

നിസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ഹരിയാന: പള്ളിയില്‍ നിന്ന് നിസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് യുവാവിന് നേരെ അക്രമണമുണ്ടായത്.

തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ ഭീകാരക്രമണത്തില്‍ പ്രതിഷേധിച്ച് ലാഹോരി ചൗക്കിനു സമീപം പ്രതിഷേധം നടത്തിയിരുന്നു.
ഈ സമയം പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുകയായിരുന്ന യുവാവിനോട് ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. യുവാവ് പ്രതിഷേധക്കാരുടെ ആവശ്യം നിരസിച്ചതോടെയാണ് വാക്കു തര്‍ക്കവും കയ്യേറ്റവും ഉണ്ടാകുന്നത്.

മര്‍ദ്ദിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞില്ല. നേരത്തെ പ്രതിഷേധ പ്രകടനം നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റിയാണ് പ്രതിഷേധക്കാര്‍ ലാഹോരി ചൗക്കിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ബോധപൂര്‍വ്വം പ്രശ്‌നം സൃഷ്ടിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും പള്ളിയ്ക്ക് സുരക്ഷ നല്‍കണമെന്നും മുസ്ലിം കല്യാണ്‍ കമ്മിറ്റി ഹിസാര്‍ യുണിറ്റ് പ്രസിഡന്‍ ഹാര്‍ഫുള്‍ ഖാന്‍ ഭട്ട് പറഞ്ഞു. അമര്‍നാഥ് ക്ഷേത്രത്തില്‍ നടന്ന ഭീകാരക്രമണത്തിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയിട്ടില്ലെന്നും പ്രശ്‌നത്തെക്കുറിച്ച് ബ്ജറംഗദള്‍ നേതാക്കള്‍ അറിയിച്ചു.

chandrika: