X
    Categories: CultureNewsViews

ഇന്ത്യക്കാരാണെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം; അല്ലാത്തവരുടെ വോട്ടിന് മൂല്യമില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഇന്ത്യക്കാരാണെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണമെന്ന് ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പ്രചാരണത്തില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു ‘ഭാരത് മാതാ കീ ജയ്’ എന്ന് ഏറ്റുപറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിലര്‍ പ്രതികരിച്ചില്ല. തുടര്‍ന്നായിരുന്നു സൊനാലിയുടെ വിവാദ പരാമര്‍ശം.

‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാന്‍ സാധിക്കാത്തവര്‍ സ്വയം ലജ്ജിക്കണം. നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കില്‍ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല. സൊനാലി ഫോഗട്ട് പറഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചു. പ്രമുഖ ആപ്പായ ടിക് ടോക്കില്‍ ഒട്ടേറേ ആരാധകരുള്ള സൊനാലി ഫോഗട്ട്, കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോ്‌ക്കെതിരെ ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഒന്‍പതു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്‌നോയ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: