X

മടപ്പള്ളി കോളജിലെ എസ്.എഫ്.ഐ ഭീകരതക്കെതിരെ ഹരിത

കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ എസ്.എഫ്.ഐ. ഗുണ്ടായിസത്തില്‍ ഹരിത പ്രതിഷേധിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ തംജീദ(ഹരിതജില്ലാ ജനറല്‍ സെക്രട്ടറി),സല്‍വ,ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ അജഫ്‌ന തുടങ്ങിയവര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോളേജിന് പുറത്തുവെച്ച ഇരുപതോളം വരുന്ന എസ്.എഫ്.ഐ. ഗുണ്ടകളാണ് താംജിദയെ വളഞ്ഞിട്ട് ആക്രമിച്ചത്. അക്രമത്തിലൂടെ ചെറുത്തുനില്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് എസ്.എഫ്.ഐ.യുടെ വ്യാമോഹം മാത്രമാണെന്നും പെണ്‍കുട്ടികളെ പോലും ക്രൂരമായി മര്‍ദിക്കുന്നതു രാഷ്ട്രീയ പാപ്പരത്തമാണെന്നും എം.എസ്.എഫ്. ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. നടുറോട്ടില്‍ പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത് ചെറുതായി കാണാനാവില്ലെന്നും, തിങ്കളാഴ്ച മടപ്പള്ളി കോളേജിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, സെക്രട്ടറി നജ്മ തബഷീറ എന്നിവര്‍ പറഞ്ഞു.

”മര്യാദക്ക് പഠിച്ച് തിരിച്ചു പോകണം,
അല്ലെങ്കില്‍ ക്യാമ്പസില്‍ കാലുകുത്തില്ല….”

ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി തംജിത വടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം

വടകര : ”സംഘടനാ പ്രവര്‍ത്തനമൊന്നും ഇവിടെ നടപ്പില്ല. മര്യാദക്ക് പഠിച്ചു തിരിച്ചു പോകണം. അല്ലെങ്കില്‍ ക്യാമ്പസില്‍ കാലു കുത്തില്ല” മടപ്പള്ളി ഗവണ്‍മെന്റ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതര സംഘടനകളിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിരംരീതി ഇതാണെന്ന് കോളജിലെ എം.എസ്.എഫ് നേതാവും ഹരിത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തംജിത മുക്കായം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് എതിര്‍ പ്രസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ തള്ളിവിട്ടു കൊണ്ട് സമഗ്രാധിപത്യം നേടുന്ന രീതിക്ക് ഇരകള്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികള്‍ എന്നോ വകഭേദമില്ല. അംഗീകരിക്കാത്തവരെ ഒന്നു കൂടി കടുത്ത രീതിയിലാവും ഭീഷണിപ്പെടുത്തുക. ഇടിമുറിയായ കോളജ് യൂണിയന്‍ ഓഫീസില്‍ കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കഴുത്തില്‍ വെച്ചാവും പിന്നീട് ഭീഷണി. പെണ്‍കുട്ടികളെ പോലും കായികമായി അക്രമിക്കാനും എസ്.എഫ്.ഐ മടിക്കില്ലെന്നു ബുധനാഴ്ച നടന്ന സംഭവങ്ങള്‍ തെളിയിച്ചുവെന്നും അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ തംജിത പറഞ്ഞു.
എസ്.എഫ്.ഐക്ക് എതിരു നില്‍ക്കുന്നവരെ കെട്ടിത്തൂക്കി കൊന്നാലും തങ്ങള്‍ സെയിഫ് ആണെന്ന ബോധമാണിവര്‍ക്ക്. കോളജ് അധികാരികളില്‍ ചിലര്‍ എസ്.എഫ്.ഐക്ക് അനുകൂലമായി നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. മടപ്പള്ളി കോളജില്‍ ഇതുവരെ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ പൊലീസും തയ്യാറാവുന്നില്ല. ഇതാണ് എസ്.എഫ്.ഐക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുണയാകുന്നത്.
തെരഞ്ഞെടുപ്പില്‍ ഇതര സംഘടനകള്‍ മത്സരിക്കുന്നതും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ് എസ്.എഫ്.ഐയെ ചൊടിപ്പിക്കുന്നത്. വലിയ തോതിലുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐ മടപ്പള്ളിയില്‍ നടത്തുന്നതെന്നും തംജിത പറഞ്ഞു. അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ സസ്‌പെന്‍ഷന്‍ പോലും പ്രിന്‍സിപ്പാള്‍ നല്‍കുന്നില്ല. എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ടവര്‍ക്ക് പഠിക്കാനാകാത്ത സാഹചര്യമാണ് മടപ്പള്ളിയിലേതെന്നും പൊതുസമൂഹം ഇതില്‍ ഇടപെടണമെന്നും തംജിത ആവശ്യപ്പെട്ടു.

അക്രമത്തിനെതിരെ തിങ്കളാഴ്ച ബഹുജന മാര്‍ച്ച്

വടകര: മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ അക്രമിച്ചു പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോളജിലേക്ക് തിങ്കളാഴ്ച 9 മണിക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ യു.ഡി.എഫ് വടകര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് നാദാപുരം റോഡ് പരിസരത്ത് നിന്ന് ആരംഭിക്കും. കലാലയം അക്രമത്തിനുളളതാണെന്ന ധാരണയാണ് ചിലര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് സുഖകരമായ പഠനാന്തരീക്ഷവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനവും ഉറപ്പു വരുന്നത് വരെ യു.ഡി.എഫ് ജാഗ്രത പാലിക്കാനും യോഗം തീരുമാനിച്ചു. കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. എം.സി വടകര, സാജിദ് നടുവണ്ണൂര്‍, ക്രസന്റ് അബ്ദുല്ല ഹാജി, കെ അന്‍വര്‍ ഹാജി, പി.എം മുസ്തഫ മാസ്റ്റര്‍, ശംസുദ്ദീന്‍ കൈനാട്ടി, എം. ഫൈസല്‍, ഷുഹൈബ് കുന്നത്ത്, പി.പി ജാഫര്‍, അഫ്‌നാസ് ചോറോട്, അന്‍സീര്‍ പനോളി, അഡ്വ ഇ നാരായണന്‍ നായര്‍, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരന്‍, സി.കെ വിശ്വനാഥന്‍, സുനില്‍ മടപ്പള്ളി, പി.ടി.കെ നജ്മല്‍, ടി കേളു, സജീഷ് കുമാര്‍ വി.കെ, അന്‍സാര്‍ മുകച്ചേരി, പി സഫിയ, യു അശ്‌റഫ് മാസ്റ്റര്‍ സംസാരിച്ചു.

chandrika: