അഹമ്മദാബാദ്: കോടതികളെ പൊതുജനങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ സാധിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. പൊതുജനങ്ങളുടെ സൂക്ഷ്മ പരിശോധനകള്‍ക്കും കോടതികള്‍ വിധേയമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമ്പോഴാണ് സാല്‍വെയുടെ പരാമര്‍ശം.
കോടതികളേയും ജഡ്ജിമാരേയും ഭരണഘടന സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടതികളെ വിമര്‍ശിക്കാനും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുമുള്ള അവകാശം പൊതുജനങ്ങള്‍ക്ക് വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോടതി വിധി അംഗീകരികുമ്പോള്‍ തന്നെ മാന്യമായ ഭാഷയില്‍ അതിനെ വിമര്‍ശിക്കാനുള്ള അധികാരവും വേണം. കോടതിയലക്ഷ്യ കേസുകള്‍ക്ക് കൃത്യമായ അതിര്‍വരമ്പുകള്‍ വേണം. കോടതികളെ വിമര്‍ശിക്കുന്നത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സാല്‍വെ വ്യക്തമാക്കി.