X

ഹരീരി പാരിസിലേക്ക്; ലബനാന്‍ വഴിത്തിരിവില്‍

 

പാരിസ്: ഫ്രാന്‍സിന്റെ ക്ഷണം സ്വീകരിച്ച് സഅദ് ഹരീരി പാരിസിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ ലബനാന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പുതിയ വഴിത്തിരിവ്. പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ഫ്രാന്‍സ് ഇടപെട്ടത് ലബനാന്‍ ആശ്വാസമായിട്ടുണ്ട്. പാരിസിലേക്കുള്ള ക്ഷണം ഹരീരി സ്വീകരിച്ച പശ്ചാത്തലത്തില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ അവസാനിക്കുമെന്ന പ്രതീക്ഷ ശക്തിപ്പെട്ടതായി ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ച് അറബ് രാജ്യങ്ങള്‍ തമ്മിലുള്ളവയില്‍ തലയിടാതെ മാറിനില്‍ക്കുകയാണ് ലബനാന്റെ നിലപാടെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ഹരീരിയെ സഊദി അറേബ്യ തടവില്‍ വെച്ചിരിക്കുകയാണെന്ന ആരോപണം മൈക്കല്‍ ഔനും ആവര്‍ത്തിച്ചു. അതല്ലാതെ അദ്ദേഹം ലബനാനിലേക്ക് മടങ്ങാതിരിക്കാന്‍ മറ്റു കാരണമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദി അറേബ്യയില്‍നിന്ന് രാജിപ്രഖ്യാപനം നടത്തിയ ഹരീരി എന്ന് ലബനാനിലേക്ക് മടങ്ങുമെന്ന് വ്യക്തമല്ല. സഊദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനും സഊദിയും ഒത്തുതീര്‍പ്പിലെത്തിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാകൂ എന്നതുകൊണ്ടാണ് ഫ്രാന്‍സ് ഇടപെടുന്നത്. 48 മണിക്കൂറിനകം ഹരീരി പാരിസിലേക്ക് പുറപ്പെടുമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലബനാനെ ഞെട്ടിച്ചിരിക്കുകയാണ്.

chandrika: