ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് പൊലീസിന്റെ എഫ്ഐആര്‍. ഗേറ്റിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഹരിഹരന്റെ വീട് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വീടിന് മുന്നിലെത്തി ഹരിഹരനെ അസഭ്യം പറഞ്ഞതിന് മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു എറിയുകയായിരുന്നില്ല, മറിച്ച് ബോംബ് അവിടെ വെച്ച് പൊട്ടിച്ചതാണെന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച കെമിക്കലുകള്‍ ഏതാണെന്ന് കണ്ടെത്താനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മാരകമായ സ്ഫോടക വസ്തുക്കള്‍ അല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 8:15 ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു ആക്രമണമുണ്ടായത്. പുലര്‍ച്ചെ ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടത്തിയത്. പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ തുടര്‍ച്ചയാണിത്. സിപിഎമ്മിനെതിരെ സംസാരിക്കുന്നവരുടെ വായ മൂടാനാണ് ശ്രമമെന്നും ആര്‍എംപി നേതാവ് വേണു അഭിപ്രായപ്പെട്ടു.