മതത്തിന്റെ പേരില്‍ പൗരന്മാരെ വിഭജിക്കാന്‍ ഭരണകര്‍ത്താക്കള്‍ തന്നെ മത്സരിക്കുന്ന കാലത്ത്, മതസൗഹാര്‍ദത്തിന്റെ മാതൃകയുമായി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നൊരു വാര്‍ത്ത. ഇസ്‌ലാം മതചര്യങ്ങള്‍ പഠിപ്പിക്കുന്ന ഡെറാഡൂണ്‍ മദ്രസയിലെയും ഹിന്ദുമത തത്വങ്ങള്‍ പഠിപ്പിക്കുന്ന ഗുരുകുലത്തിലെയും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു ചേര്‍ന്നതാണ്, വര്‍ഗീയതയുടെ കാലത്ത് ശുഭപ്രതീക്ഷ പകരുന്നത്. മൗലാനാ മുഫ്തി റഈസ് അഹമ്മദ് ഖാസിമിയുടെ നേതൃത്വത്തില്‍ ഗുരുകുലത്തിലെത്തിയ വിദ്യാര്‍ത്ഥികളെ ഋഷികേശിലെ പരമാര്‍ത്ഥ് ഗുരുകുലം അധികൃതരും ഋഷികുമാരന്മാരും സന്തോഷത്തോടെയാണ് വരവേറ്റത്.
ഉമര്‍ അഹമ്മദ് ഇല്‍യാസി, റഈസ് അഹമ്മദ് ഖാസിമി (ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്), മുഹമ്മദ് സാഹിദ് നജീന്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തിയ വിദ്യാര്‍ത്ഥികളെ പരമാര്‍ത്ഥ് നികേതന്‍ പരമാധ്യക്ഷനും ഗ്ലോബല്‍ ഇന്റര്‍ ഫെയ്ത്ത് അലയന്‍സ് തലവനുമായ സ്വാമി ചിദാനന്ദ്ജി മഹാരാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇരു സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഇടകലര്‍ന്നിരുന്ന സദസ്സിനെ മൗലാനമാരും ഋഷിമുഖ്യരുമടങ്ങുന്നവര്‍ അഭിസംബോധന ചെയ്തു.
മദ്രസാ വിദ്യാര്‍ത്ഥികള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ഋഷികുമാരന്മാര്‍ വേദസൂക്തങ്ങള്‍ ആലപിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ആത്മീയ ഗാനങ്ങളും ആലപിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും സമൃദ്ധിക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു.
വ്യത്യസ്ത മതവിഭാഗങ്ങളുടെ കൂടിച്ചേരലിനുള്ള ഇത്തരം വേദികള്‍ മാതൃകാപരമാണെന്നും മദ്രസാ അധികൃതരുടെ നീക്കം നല്ലൊരു തുടക്കമാണെന്നും സ്വാമി ചിദാനന്ദ്ജി മഹാരാജ് പറഞ്ഞു. ഇതുപോലുള്ള നീക്കങ്ങളുമായി ഇനിയും മുന്നോട്ടുപോകണം. പരസ്പരം ഇടപഴകുകയും സംസ്‌കാരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിലൂടെ മാത്രമേ രാജ്യത്ത് ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കൂ. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമെല്ലാം ഒരേ രാജ്യക്കാരാണെന്നും സാഹോദര്യത്തിന്റെ സന്ദേശമാണ് ഇത്തരം കൂട്ടായ്മളിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്നും ഇമാം ഉമര്‍ അഹമ്മദ് ഇല്‍യാസി പറഞ്ഞു.
റമസാന്‍ ആശംസ നേര്‍ന്നും സമ്മാനങ്ങള്‍ നല്‍കിയുമാണ് മദ്രസാ സംഘത്തെ മഠം അധികൃതര്‍ യാത്രയാക്കിയത്. സാധ്വി ഭഗവതി സരസ്വതി, നന്ദിനി ത്രിപാഠി തുടങ്ങി നിരവധി നിരവധി പേര്‍ സന്നിഹിതരായിരുന്നു.