X
    Categories: indiaNews

വീണ്ടും വിദ്വേഷ പ്രസംഗവുമായി ഹരിദ്വാര്‍ കേസ് പ്രതി

ന്യൂഡല്‍ഹി: ഹരിദ്വാര്‍ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന യതി നരസിംഹാനന്ദ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്ത്. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ നടന്ന ഹിന്ദു സമ്മേളനത്തിലാണ് മുസ്്‌ലിംകള്‍ക്കെതിരെ ആയുധമെടുക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തത്.

ഹരിദ്വാര്‍ കേസിലെ ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് നരസിംഹാനന്ദയുടെ പ്രസംഗം. നിയമ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന തരത്തിലാണ് ഉനയില്‍ ഹിന്ദു സമ്മേളനം ചേര്‍ന്നത്. സ്വകാര്യ പരിപാടി ആയതിനാല്‍ സമ്മേളനത്തിന് പൊലീസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നായിരുന്നു മുഖ്യ സംഘാടകന്‍ സത്യദേവ് സരസ്വതിയുടെ വാദം. നിയമത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അല്ലെങ്കിലും ഞങ്ങള്‍ക്ക് ആരെയും പേടിയില്ല. സത്യം മാത്രമാണ് ഞങ്ങള്‍ പറയുന്നത്. അതിനെ വിദ്വേഷ പ്രസംഗമായി കാണേണ്ടതില്ലെന്നും സത്യദേവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജനുവരിയിലാണ് ഹരിദ്വാറില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍ യതി നരസിംഹാനന്ദ് മുസ്്‌ലിംകള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തത്. ഏറെ വിവാദമായതോടെ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തെങ്കിലും ഫെബ്രുവരിയില്‍ ജാമ്യത്തില്‍ ഇറങ്ങി. ഇതിനു ശേഷം ഡല്‍ഹിയിലെ ബുറാരി മൈതാനിയില്‍ നടന്ന ഹിന്ദു സമ്മേളനത്തിലും അദ്ദേഹം വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു. അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസ് തയ്യാറായിട്ടില്ല. സ്വാധി അന്നപൂര്‍ണ അടക്കമുള്ളവര്‍ ഉനയിലും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചിരുന്നു.

Test User: