X

രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു

ആരെങ്കിലും സ്‌നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത് 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമായിരുന്നു. ആരൊക്കെ ഇതിന്റെ പരിധിയില്‍ വരുമെന്ന് വകുപ്പ് 2(ര) പറയുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ഒക്കെ പെടും.

എന്റെ നാട്ടിലെ എം.പിയോ എം.എല്‍.എയോ മന്ത്രിയോ കളക്ടറോ നന്നായി ജോലി ചെയ്തതിനോ ചെയ്യുന്നതിനോ എനിക്ക് ഇഷ്ടംതോന്നി 50 രൂപയില്‍ കൂടിയ ഒരു സമ്മാനം വാങ്ങി കൊടുക്കാമെന്നു വെച്ചാല്‍, അവര്‍ക്ക് അത് സ്വീകരിക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. സ്വീകരിച്ചാല്‍ 7ആം വകുപ്പ് അനുസരിച്ച് അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് വരുമായിരുന്നു. അവര്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് വേണ്ടി അവര്‍ വാങ്ങിച്ചാലും, വാങ്ങിക്കാന്‍ ശ്രമിച്ചാലും, വാങ്ങിക്കാമെന്നു സമ്മതിച്ചാലും ഇതേ നിയമപ്രകാരം കുറ്റകരമായിരുന്നു !!

എന്നാല്‍, 2018 ജൂലൈ 26 ന്റെ ഭേദഗതിയോടെ അത് മാറി. ജോലിയില്‍ വീഴ്ച വരുത്താന്‍ വാങ്ങുന്ന സമ്മാനമേ കുറ്റമാകൂ. ജോലി സത്യസന്ധമായി ചെയ്യുന്നതിന് ഏത് സമ്മാനവും ഇനി വാങ്ങാം.

ആലത്തൂര്‍ എം.പി ശ്രീ.രമ്യയ്ക്ക് തന്റെ ഒൗദ്യോഗിക കൃത്യം നന്നായി ചെയ്യാനായി സ്വന്തം പാര്‍ട്ടിക്കാര്‍ പിരിവിട്ട് ഒരു കാര്‍ വാങ്ങിക്കൊടുക്കാം എന്നു തീരുമാനിച്ചാല്‍, 2 ലക്ഷം രൂപയോളം ശമ്പളം കിട്ടുന്ന എം.പി ആണ് എന്നത് കൊണ്ട് അതില്‍ നിയമപരമായ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. ധര്‍മ്മികമായും ഇല്ല. ക്രിമിനല്‍ കേസ് നടത്താന്‍ കാശ് പിരിക്കുന്നതാകാം ചിലരുടെ പ്രയോറിറ്റി. അതും കൊടുക്കാന്‍ ഈ നാട്ടില്‍ ആളുണ്ട് എന്നതുപോലെ ഇതിനും കുറേയാളുണ്ട്. ആവശ്യവും അനവശ്യവുമൊക്കെ കൊടുക്കുന്നവരുടെ കാര്യമാണ്. കാര്‍ വാങ്ങാന്‍ സാമ്പത്തികശേഷിയുള്ള ജോലിയുള്ള ഒരാള്‍ക്ക് ഞാനാണെങ്കില്‍ കൊടുക്കില്ല എന്നതിനപ്പുറം പറയാന്‍ മൂന്നാം കക്ഷിക്ക് അവകാശമില്ല. കൊടുക്കുന്നവര്‍ക്കും പിരിക്കുന്നവര്‍ക്കും പരാതിയില്ലെങ്കില്‍ പിരിവിട്ട് കാര്‍ വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല. പിണറായി വിജയനോ നരേന്ദ്രമോദിയ്‌ക്കോ ഒക്കെ ഓരോ കാര്‍ വാങ്ങിക്കൊടുക്കാമെന്നു കരുതുന്ന എത്രയോ പണക്കാര്‍ നാട്ടിലുണ്ടാകും. അത് ദുരൂപയോഗിക്കപ്പെടുമോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെ.

off: അംബാനിക്ക് ശമ്പളവര്‍ധനവില്ലാതെ കഷ്ടപ്പെടുകയാണെന്നു മാതൃഭൂമി വാര്‍ത്ത. അങ്ങേരെപ്പറ്റി പാര്‍ലമെന്റില്‍ മിണ്ടരുതെന്നു ബി.ജെ.പിയുടെ താക്കീതും. എന്നാല്‍ അങ്ങേര്‍ക്ക് വേണ്ടി ഒരു പിരിവ്കുറ്റി അടിക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ?

web desk 1: