ജയ്പൂര്‍: തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ലമെന്റംഗവും മുന്‍ ഡി.ജി.പിയുമായ ഹരീഷ് മീണ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹരീഷ് മീണക്ക് അംഗത്വം നല്‍കി. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്താണ് ചടങ്ങ് നടന്നത്.
മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്്, പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരീഷ് മീണയെ അശോക് ഗെഹ്‌ലോട് സ്വാഗതം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള രണ്ടാം ദിവസത്തിലാണ് രാജസ്ഥാനില്‍ ഹരീഷ് മീണയുടെ ചുവടുമാറ്റം. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് രാജസ്ഥാനില്‍ നിലവിലുള്ളത്. ഇവിടെ കോണ്‍ഗ്രസ് വിജയിപ്പിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലം.
രാജസ്ഥാനിലെ സംസ്ഥാന പൊലീസ് മേധാവിയായിരുന്നു ഹരീഷ് മീണ. 2014 ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ വന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു.
രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും ബിജെപിക്ക് കനത്ത ക്ഷീണം ഉണ്ടാകില്ലെന്നാണ് അഭിപ്രായ സര്‍വ്വേ. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പിന്തുണ ഏറെയാണ്. മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് പ്രവചനം. തെലങ്കാന ടിഡിപി-കോണ്‍ഗ്രസ് ചേരിക്ക് ഒപ്പം ചേരുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.