അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പിന് പ്രകടന പത്രിക ഇറക്കാത്തത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി. ലൈംഗിക സിഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നെന്നായിരുന്നു പട്ടേലിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു ഹാര്‍ദിക്കിന്റെ പരിഹാസം.
ഹര്‍ദിക് പട്ടേലുമായി രൂപസാദൃശ്യമുള്ളയാളുടെ ഉള്‍പ്പെട്ട ലൈംഗിക സി.ഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിനുപിന്നില്‍ ബിജെപി ആണെന്നാണ് ഹാര്‍ദിക്ക് നേരത്തെ ആരോപണമുയര്‍ത്തിയിരുന്നു.
ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ നേരത്തേ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പത്രിക പുറത്തിറക്കാതെ ബിജെപി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രചാരണം അവസാനിച്ചു, എന്നിട്ടും പ്രകടന പത്രികയെക്കുറിച്ച് യാതൊരു സൂചനയുമില്ല. ഗുജറാത്തിന്റെ ഭാവിക്കുവേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും, രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി നേരത്തേ ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ പതിവു രീതിയിലുള്ള പ്രകടനപത്രികയുടെ രൂപത്തിലായിരുന്നില്ല അതെന്നതും വിവാദമായി. അടുത്ത അഞ്ചുവര്‍ഷം പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്രകടപത്രികയില്‍ നിന്നും വ്യത്യസ്തമായതാണ് വിമര്‍ശനത്തിന് കാരണം.