X

ബി.ജെ.പിയെ തറപറ്റിക്കാന്‍ ഏതറ്റം വരെയും പോകും: ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ബി. ജെ.പിയെന്ന വലിയ കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കുമെന്നും മണ്ഡലില്‍ നടത്തിയ റാലിയില്‍ ഹര്‍ദിക് പറഞ്ഞു.

അല്‍പ്പം ക്ഷമയോടെ കാത്തിരിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ വിളിപ്പിച്ച പ്രകാരം അഹമ്മാദാബാദിലെ ഹോട്ടലില്‍ താന്‍ എത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഹര്‍ദിക് വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഹോട്ടലില്‍ എത്തിയത്. അവിടെ വച്ച് ഗുജറാത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ടുമായി സംസാരിച്ചു. അപ്പോള്‍ തന്നെ സമയം വൈകിയതിനാല്‍ ഹോട്ടലില്‍ നിന്നും ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ അപ്പോഴേയ്ക്കും ബി.ജെ.പി ചോര്‍ത്തിക്കഴിഞ്ഞിരുന്നു. ഇവിടെയുള്ള എല്ലാം ബി.ജെ.പിയുടെ സ്വത്തുക്കളാണല്ലോ-ഹര്‍ദിക് പരിഹസിച്ചു. ഹോട്ടലില്‍ എത്തിയ താന്‍ മാധ്യമങ്ങളുടെ തിരക്ക് കാരണമാണ് പിന്‍വാതിലിലൂടെ പോന്നത്. രാഹുല്‍ ഗാന്ധിയെ താന്‍ കണ്ടിട്ടില്ല. പക്ഷേ മാധ്യമങ്ങള്‍ താന്‍ അദ്ദേഹത്തെ കണ്ടു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്.മോദി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അര്‍ധരാത്രി കണ്ടത് പോലെ താനാരെയും കണ്ടിട്ടില്ലെന്നും ഹര്‍ദിക് പറഞ്ഞു.

അതിനിടെ ഹര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടല്‍ മുറി ഇന്റലിജന്‍സും പൊലീസും റെയ്ഡ് ചെയ്തത് വിവാദമായി. മുറിയില്‍ പരിശോധന നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. താനും ജിഗ്‌നേഷും ക്രിമനലുകളോ പിടികിട്ടാപ്പുള്ളികളോ ആണോയെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും തന്റെ പേരില്‍ ബുക്ക് ചെയ്ത മുറിയിലാണ് കൂടിക്കാഴ്ച നടന്നതെന്നും ഹര്‍ദിക് പറഞ്ഞു.

chandrika: