X

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെ പാഠം പഠിപ്പിക്കും; ഹര്‍ദിക് പട്ടേല്‍

ഗാന്ധി നഗര്‍: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ ആകെയുള്ള 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തില്‍ പട്ടേലുകള്‍ക്ക് ജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നും ഇതിനുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ഹര്‍ദിക് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിജെപിയോട് മുമ്പില്ലാത്ത വിധത്തിലുള്ള വിദ്വേഷം സമുദായ അംഗങ്ങള്‍ക്കിടയിലുണ്ട്. പട്ടേല്‍ സീറ്റുകള്‍ ഇത്തവണയും ഉറപ്പിക്കാമെന്ന് കരുതുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും തിരിച്ചടിയുണ്ടാവും.

പിന്നില്‍ നിന്ന് കുത്തിയ സ്ഥിതിക്ക് പട്ടേല്‍ സമുദായ അംഗങ്ങള്‍ ബിജെപിയോടൊപ്പം ഇനി നില്‍ക്കില്ല. നിലവില്‍ അയ്യായിരത്തോളം പട്ടേല്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് പൊതുയോഗം പോലും സംഘടിപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലല്ല. നല്ല ഭരണവും ജനാധിപത്യ ആശയങ്ങളും തമ്മിലാണെന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ മോദിയെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും പട്ടേല്‍ വിഭാഗത്തിന് ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയും.

”ഹിന്ദുത്വത്തിന്റെ പ്രചാരകരായല്ല, മറച്ച് ചൂഷണം ചെയ്യുന്നവരും അടിച്ചമര്‍ത്തുന്നവരുമായാണ് ബിജെപിയെ ഇന്ന് പട്ടേല്‍ വിഭാഗക്കാര്‍ കാണുന്നത്, ഇനിയും കണ്ണടച്ചുള്ള പിന്തുണ ബിജെപിക്ക് പട്ടേല്‍ വിഭാഗക്കാര്‍ക്കിടയില്‍ നിന്നു ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ട, ഗുജറാത്താണ് മോദിയുടെ അടിത്തറ. ആ അടിത്തറ പട്ടേലുകള്‍ ഇളക്കും. ഹര്‍ദിക് പറയുന്നു.

രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തെ വരെ വിറപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ബിജെപിയുടെ നോട്ടപ്പുള്ളിയായ യുവനേതാവാണ് ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍. ഗുജറാത്തില്‍ ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന പട്ടേല്‍ വിഭാഗത്തെ നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ തെരുവിലിറക്കാന്‍ നേതൃത്വം നല്‍കിയത് ഹര്‍ദിക് ആയിരുന്നു. ഗുജറാത്തില്‍ ഒരിക്കല്‍ കൂടി നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഹര്‍ദികിന്റെ നയങ്ങള്‍ ബിജെപിക്ക് നിര്‍ണായകമാകും. ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പട്ടേല്‍ വിഭാഗത്തോട് ഹര്‍ദിക് പരോക്ഷമായി ആഹ്വാനം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

chandrika: