ഡുബ്ലീന്‍: പരിശീലകന്‍ വി.വി.എസ് ലക്ഷ്മണ്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയും വിരാത് കോലിയും കെ.എല്‍ രാഹുലും റിഷാഭ് പന്തുമൊന്നുമില്ലാത്ത ടീം. ഇന്ന് ഇവിടെ ഇന്ത്യ അയര്‍ലന്‍ഡിനെതിരായ രണ്ട് മല്‍സര ടി-20 പരമ്പരക്കിറങ്ങുമ്പോള്‍ സെലക്ടര്‍മാരുടെ കണ്ണുകള്‍ മുഴുവന്‍ യുവതാരങ്ങളിലേക്കാണ്.
ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഒക്ടോബറിലെ ടി-20 ലോകകപ്പില്‍ ആരെയെല്ലാം ടീമിലുള്‍പ്പെടുത്തണമെന്ന ചിന്തയില്‍ യുവ സംഘത്തിന് അവസരം നല്‍കിയതിനാല്‍ ഓരോ താരത്തിന്റെയും പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കപ്പെടും….ആരായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍..? ആരായിരിക്കും മൂന്നാം നമ്പറില്‍…? ഉമ്രാന്‍ മാലിക്കിനും രാഹുല്‍ ത്രിപാഠിക്കും അവസരമുണ്ടാവുമോ…? ചോദ്യങ്ങള്‍ ധാരാളമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ സമീപകാലത്ത് നടന്ന പഞ്ചമല്‍സര ടി-20 പരമ്പരയില്‍ ഒരേ ഇലവനെയാണ് രാഹുല്‍ ദ്രാവിഡ് കളിപ്പിച്ചതെങ്കില്‍ വി.വി.എസ് ലക്ഷ്മണ്‍ ആ ലൈന്‍ പിന്തുടരില്ല. റിഷാഭ് പന്തും ശ്രേയാംസ് അയ്യരും ടീമില്‍ ഇല്ലാത്തതിനാല്‍ തന്നെ രണ്ട് വലിയ ചോദ്യങ്ങള്‍ക്ക് ലക്ഷ്മണ്‍ ഉത്തരം ഇന്ന് നല്‍കും. നാല് പേരാണ് മൂന്നാം നമ്പറില്‍ കളിക്കാന്‍ യോഗ്യര്‍. മലയാളിയായ സഞ്്ജു സാംസണ്‍, ദീപക് ഹുദ, വെങ്കടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍. ഇവരില്‍ കൂടുതല്‍ സാധ്യത സുര്യകുമാര്‍ യാദവിനാണ്. മുംബൈക്കാരന്‍ ഈ റോളില്‍ മുമ്പ് തിളങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ പരുക്ക് കാരണം അദ്ദേഹത്തിന് അവസരമുണ്ടായിരുന്നില്ല. സൂര്യകുമാറിന് മൂന്നാം നമ്പറില്‍ അവസരം നല്‍കിയാല്‍ തന്നെ നാലാം നമ്പറില്‍ സഞ്ജു വരാനാണ് സാധ്യത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കിടിലന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
സഞ്ജുവിനൊപ്പം തന്നെ സാധ്യതയുണ്ട് രാഹുല്‍ ത്രിപാഠിക്കും. സ്പിന്നിനെ മനോഹരമായി ആക്രമിക്കുന്ന ബാറ്റര്‍ എന്ന നിലയില്‍ ഹുദയും ടീമിലിടം തേടുന്നു. ഇടം കൈയ്യനായ വെങ്കടേഷ് അയ്യര്‍ ഓപ്പണറായി കളിക്കുന്ന താരമാണ്. ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരുണ്ട്. ഇഷാന്‍ കിഷനും സഞ്ജുവും ദിനേശ് കാര്‍ത്തിക്കും. ഇവരില്‍ ആരായിരിക്കും വിക്കറ്റിന് പിറകില്‍ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇടം കൈയ്യന്‍ അര്‍ഷദിപ് സിംഗ്, അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക് എന്നിവരില്‍ ഒരാള്‍ക്ക് ഇന്ന് അവസരം ഉറപ്പാണ്. രാത്രി ഒമ്പത് മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.