ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിക്ക് പുതിയ അഗ്നി പരീക്ഷ. ഉത്തര്‍പ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
മാര്‍ച്ച് 11നാണ് വോട്ടെടുപ്പ്. ബിഹാറിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം ജനവിധി നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, ഫുല്‍പ്പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവ രണ്ടും ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. യോഗി ആദിത്യനാഥും കേശവ പ്രസാദ് മൗര്യയും യു.പിയില്‍ യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആയി ചുമതലയേറ്റതിനെതുടര്‍ന്ന് രാജിവെച്ചതിനാലാണ് രണ്ട് മണ്ഡലങ്ങളിലും ഒഴിവു വന്നത്. ബിഹാറിലെ അറേരിയ ലോക്‌സഭാ മണ്ഡലത്തിലാണ് ജനവിധി നടക്കുന്നത്. ആര്‍.ജെ.ഡിയുടെ മുഹമ്മദ് തസ്്‌ലീമുദ്ദീന്റെ വിയോഗത്തെതുടര്‍ന്നാണ് ഇവിടെ ഒഴിവു വന്നത്. ബാബുവ, ജഹനാബാദ് എന്നിവയാണ് ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍. ബി.ജെ.പി എം. എല്‍.എയായിരുന്ന ആനന്ദ് ഭൂഷണ്‍ പാണ്ഡെയുടെ വിയോഗത്തെതുടര്‍ന്നാണ് ബാബുവയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മുന്‍ ആരോഗ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ മുന്ദ്രിക സിങ് യാദവ് ഡങ്കിപ്പനി ബാധിച്ച് മരിച്ചതിനെതുടര്‍ന്നാണ് ജഹനാബാദ് സീറ്റില്‍ ഒഴിവു വന്നത്. രാജസ്ഥാനിലെ രണ്ട് ലോക്‌സഭാ സീറ്റിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും 2018 ജനുവരി അവസാനം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി തോറ്റിരുന്നു. ബി.ജെ.പിയുടെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്ത കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയമാണ് കാഴ്ച വെച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലമെന്ന നിലയില്‍ ജനവിധിയെ ബി.ജെ.പി നിസ്സാര വല്‍ക്കരിക്കുന്നുണ്ടെങ്കിലും 2018 അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കണക്കാക്കുന്നത്.
സമാന സാഹചര്യം തന്നെയാണ് യു.പിയിലുമുള്ളത്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ജനപ്രീതി അളക്കുന്നതാവും ഉപതെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര, സംസ്ഥാന ഭരണങ്ങളുടെ എല്ലാ സാധ്യതകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി. ജെ. പി ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്.
ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങള്‍ കൂടിയാണ് ഗൊരഖ്പൂരും ഫുല്‍പ്പൂരും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനു മുന്നില്‍ വിജയ സാധ്യത കുറവാണ്. എങ്കിലും ശക്തമായ മത്സരം കാഴ്ച വെക്കാമന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിഹാറില്‍ ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും ജെ.ഡിയുവിനും ഉപതെരഞ്ഞെടുപ്പ് ഫലം ഒരുപോലെ നിര്‍ണായകമാണ്. ബി.ജെ.പി വിരുദ്ധ മഹാസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്‍ വിജയം നേടിയ ജെ.ഡി.യു, പിന്നീട് കാലുമാറി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
മാത്രമല്ല, കാലിത്തീറ്റ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലായത് ബി. ജെ.പിയുടേയും ജെ.ഡി.യുവിന്റെയും രാഷ്ട്രീയ പകപോക്കലാണെന്ന് ആര്‍.ജെ.ഡി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ ജീവന്മരണ പോരാട്ടത്തിനാകും ആര്‍.ജെ.ഡി തയ്യാറെടുക്കുക.