പത്തനംതിട്ടയില്‍ കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷത്തോളം 60 ലേറെ പേര്‍ പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്വേഷണത്തിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അടിയന്തിരമായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
13 വയസ്സുമുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ല എന്നത് കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പെണ്‍കുട്ടി നേരിട്ട പീഡനമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സ്‌കൂളുകളില്‍ കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണമെന്നും പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരയ കുട്ടികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലുള്ള സ്‌കൂളുകളില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലെ കുട്ടിക്ക് നേരിട്ട ദുരനുഭവം ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്പോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.