കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി ഐ.സി.യു.വിൽ പീഡനത്തിനിരയായ തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്ത അഞ്ചു ജീവനക്കാരെയും സർവീസിൽ തിരിച്ചെടുത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അതിജീവിത. ഇതിനെതിരേ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഒരിക്കൽക്കൂടി പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ആശുപത്രിയിൽ ജീവനക്കാർ കുറവായതിനാൽ അഞ്ചുപേരെ ഉടനെ തിരിച്ചെടുക്കണമെന്ന നിലപാടാണ് ആഭ്യന്തര അന്വേഷണക്കമ്മിറ്റി സ്വീകരിച്ചത്.
‘‘പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ചാൽ ഇവരെയെല്ലാം അറസ്റ്റു ചെയ്യാമായിരുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഇവരെല്ലാം ജോലിയിൽ തിരിച്ചുകയറിയത്. അതേസമയം, ഇരയായ എനിക്ക് മാത്രം നീതി ലഭിച്ചില്ല. ആഭ്യന്തര അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ടിൽ അഞ്ചുപേർക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് രേഖപ്പെടുത്തിയത് പ്രതി എം.എം. ശശീന്ദ്രന്റെ പേരിലുള്ള പീഡനക്കേസ് തേച്ചുമായ്‌ച്ചു കളയാനുള്ള നീക്കമാണ്. ഒന്നിനും തെളിവില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്…’’-അതിജീവിത ചോദിക്കുന്നു.