തിരുവനന്തപുരം: പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ‘ആത്മവീര്യം തകര്‍ക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു. അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന അതിജീവിതയെ പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വിധം പൊലീസ് തരംതാണതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയായി.
ആരെയും തല്ലിച്ചതക്കാനും പിടിച്ചുപറിക്കാനും പൊലീസ് തന്നെ മുന്നിലുള്ളപ്പോള്‍ ‘ജനമൈത്രി’ എന്നത് പരിഹാസ്യമാവുകയാണ്. ജനമൈത്രി പൊലീസ് ക്രിമിനലിസത്തിലേക്ക് വഴി മാറുന്നതായി കണക്കുകള്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വര്‍ധനവ് വന്നെന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നുമില്ല. പൊലീസ് ഭീകരതക്ക് ഇരകളാകുന്നവര്‍ നല്‍കുന്ന പരാതികളില്‍ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.
ആഭ്യന്തര വകുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ പിന്തുണയും മേലധികാരികള്‍ കണ്ണടക്കുന്നതുമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്രിമിനല്‍ കേസിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കലാപങ്ങളിലും ഉള്‍പെട്ടവര്‍ കോടതി ഉത്തരവിന്റെ മറവില്‍ പൊലീസ് സേനയില്‍ എത്തുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ ഡി.ജി.പി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ഏതാനും വര്‍ഷമായി ഇത്തരം കേസില്‍പെടുന്നവര്‍ കോടതിയുത്തരവിന്റെ മറവില്‍ സേനയില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 86(2) ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോടതി ഉത്തരവുകളുടെ പിന്‍ബലത്തോടെ സേനയില്‍ കയറിയവരില്‍ 40 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ സായുധ പരിശീലനം നേടിയവര്‍ ഇത്തരത്തില്‍ പുറത്തുനില്‍ക്കുന്നത് അപകടകരമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സേനയില്‍ പരിശീലനത്തിനു മുന്‍പാണ് കുറ്റപത്രം നല്‍കുന്നതെങ്കില്‍ കുറ്റവിമുക്തനായ ശേഷം മാത്രമേ പരിശീലനം നല്‍കാന്‍ പാടുള്ളൂ. പരിശീലനത്തിനു മുന്‍പും പി.സി.സി നിര്‍ബന്ധമാക്കണം. പരിശീലന കാലയളവില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. കുറ്റവിമുക്തനാക്കിയാല്‍ സേനയിലെ ആഭ്യന്തര സമിതി പരിശോധിച്ച് ഉചിത തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഭീകരമായിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനക്ക് അപമാനമാണെന്നിരിക്കേ ഇത്തരക്കാരെ ചുമന്ന് കൂടുതല്‍ പഴിദോഷം കേള്‍ക്കേണ്ട സാഹചര്യത്തിലേക്കാണ് പൊലീസ് സംവിധാനം നീങ്ങുന്നത്.
ബലാത്സംഗ പരാതിയില്‍
ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു
കോഴിക്കോട്: ബലാത്സംഗ പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്‌റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷന്‍ സി.ഐ പി.ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തതായി തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് നടപടിയുണ്ടായത്. പൊലീസ് സേനക്ക് കടുത്ത നാണക്കേടുണ്ടാക്കുന്നതായി ഈ നടപടി.
കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റുണ്ടായത്. പതിവ്‌പോലെ സ്‌റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് സിഐയായി സ്ഥാനക്കയറ്റം കിട്ടിയത്. കേസുകള്‍ നിലവിലുള്ളപ്പോഴും ഇയാള്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെ കൃത്യമായി ലഭിച്ചിരുന്നതായും സേനയ്ക്കുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
പോക്‌സോ കേസില്‍ പ്രതിയായ എ.എസ്.ഐ ഒളിവില്‍
കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വയനാട് അമ്പലവയലില്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബാബു ഒളിവില്‍. കേസില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നായിരുന്നു പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുതല നടപടികളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേസില്‍ സ്‌റ്റേഷന്‍ എസ്‌ഐ സോബിന്‍, ഡബ്ല്യു.സി.പി.ഒ പ്രജിഷ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അമ്പലവയല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിഐജി രാഹുല്‍ ആര്‍ നായരാണ് കഴിഞ്ഞ ദിവസം ഇയാളെ സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ കേസില്‍ ഇരയായി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സീന്‍ മഹസര്‍ തയ്യാറാക്കുന്നതിനായി ഊട്ടിയില്‍ എത്തിച്ചപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് ആരോപണം. വനിതാ പൊലീസുകാരിയും പുരുഷ പോലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന എഎസ്‌ഐ ബാബു മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്‍കിയ പരാതി.