X

നമ്പര്‍ 18 ഹോട്ടലിലെ പീഡനം;പരാതി പിന്‍വലിക്കാന്‍ അരക്കോടി വാഗ്ദാനം

ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പീഡനക്കേസുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ അരക്കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി. കേസിലെ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെ അഭിഭാഷകനാണ് തന്റെ കോഴിക്കോട്ടെ ഓഫീസിലെത്തി പണം വാഗ്ദാനം ചെയ്തതെന്നും അരക്കോടിക്ക് മുകളില്‍ എത്ര തുക വേണമെങ്കിലും ആവശ്യപ്പെടാമെന്ന് വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരി ചന്ദ്രികയോട് പറഞ്ഞു.

ഇപ്പോള്‍ എന്തായാലും റോയ് കസ്റ്റിഡിയില്‍ പോവുമെന്നും 35 ദിവസം കഴിഞ്ഞാല്‍ ഇറങ്ങിവരുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കൂറുമാറി പറയാന്‍ തയാറാണോയെന്നും ചോദിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ നല്‍കും. കഴിഞ്ഞ ദിവസവും റോയിയുടെയും, കേസിലെ പ്രതികളിലൊരാളായ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവിന്റെയും സുഹൃത്തുക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

വ്യക്തമായ തെളിവുകളുടെ ബലത്തിലാണ് താന്‍ പരാതി നല്‍കിയത്. വീഡിയോ ക്ലിപ്പുകള്‍ അടക്കം തെളിവുകളായുണ്ട്. കേസ് പിന്‍വലിക്കാന്‍ പ്രതികളും കൂട്ടാളികളും നിരന്തരം ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയുമാണ്. ജീവന്‍ പണയം വച്ചാണ് താന്‍ അവര്‍ക്കെതിരെ കേസുമായി മുന്നോട്ടുപോവുന്നത്. റോയ് തന്നെ കൊല്ലാന്‍ സ്‌കെച്ചിട്ടുണ്ടെന്ന് അഞ്ജലി തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. അവരെ ഭയന്നാണ് സ്വന്തം ഫ്‌ളാറ്റ് ഉപേക്ഷിച്ച് ഞാനിപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലും കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമോയെന്ന് ഉറപ്പില്ലെന്നും പരാതിക്കാരി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അഞ്ജലിയുടെ വാദങ്ങളെ കുറിച്ചും പരാതിക്കാരി പ്രതികരിച്ചു. എന്തെങ്കിലും പറഞ്ഞത് കൊണ്ട് അവര്‍ നിരപരാധിയാവില്ല. താന്‍ എന്താണ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പൊതുജനത്തോടും അന്വേഷണ സംഘത്തോടും തുറന്നു പറയട്ടെയെന്നും പരാതിക്കാരി പറഞ്ഞു.

Test User: