മലപ്പുറം: ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ തീയതി കുറിച്ചു. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് മലപ്പുറത്തിന്റെ മണ്ണില്‍ ഫെബ്രുവരി 20ന് കിക്കോഫ്. മഞ്ചേരി പയ്യനാട്, കോട്ടപ്പടി എന്നിവിടങ്ങളിലെ ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയങ്ങളിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങളെല്ലാം നടക്കുന്നത്. മാര്‍ച്ച് ആറിനാണ് ഫൈനല്‍ മത്സരം നടക്കുക.
ഒരു ഗ്രൂപ്പ് മത്സരങ്ങളായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങളടക്കം മറ്റെല്ലാം മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയം മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പിന് പരിഗണിച്ചിരുന്നത്്. എന്നാല്‍ മലപ്പുറത്തിന്റെ ആസ്ഥാന നഗരിയിലെ സ്റ്റേഡിയമായ കോട്ടപ്പടിയിലും പന്തുരുളുന്നത് ആവേശം ഇരട്ടിപ്പിക്കും. എന്നാല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നെ സ്റ്റേഡിയം മികച്ച രീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നാണ് ഗ്രൗണ്ട് പരിശോധിച്ച എ.ഐ.എഫ്.എഫ് പ്രതിനിധികളായ കുശാല്‍ ദാസ്, അഭിഷേക് യാഥവ്, സി.കെ.പി ഷാനവാസ് എന്നിവര്‍ അറിയിച്ചത്. സ്റ്റേഡിയത്തിലെ മറ്റുകാര്യങ്ങളില്‍ തൃപ്തി അറിയിച്ച എഐ.എഫ്.എഫ് പ്രതിനിധികള്‍ 35 ദിവസത്തിനുള്ള ടര്‍ഫിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
10 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാവും. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പില്‍ ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങള്‍ ഒരുക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം. കളിക്കാരുടെ താമസം, പരിശീലനം, യാത്ര എന്നിവ ബയോബബിള്‍ സംവിധാനത്തിലായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും താമസസൗകര്യം ഒരുക്കും. സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രവൃത്തികളും സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് എം.ഒ.യു ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.