X
    Categories: Views

സന്തോഷ ദിനത്തിലെ ഹാപ്പി ന്യൂസ്; ഷാര്‍ജ പൊലീസിന് അഭിനന്ദന പ്രവാഹം

 

ഗതാഗത കുരുക്ക് വില്ലനായ റോഡില്‍ വേദനയില്‍ പുളയുന്ന പൂര്‍ണ ഗര്‍ഭിണിക്ക് ആശുപത്രിയിലേക്കുള്ള യാത്ര സുഗമമാക്കി നല്‍കിയ ഷാര്‍ജ പൊലീസ് അധികൃതര്‍ക്ക് അഭിനന്ദന പ്രവാഹം.
അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ തന്നെ ഏറെ ആഹ്‌ളാദം പകരുന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ നിരവധി പേരാണ് ഷാര്‍ജ പോലീസിനെ അഭിനന്ദിച്ചും മാതൃകാ പ്രവൃത്തിയെ വാഴ്ത്തിയും രംഗത്ത് വന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഷാര്‍ജ പോലീസിനെ പ്രശംസ കൊണ്ട് മൂടി പലരും.
ഷാര്‍ജയില്‍ നിന്ന് ഭാര്യയൈും കൊണ്ട് ദുബൈയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു ഏഷ്യക്കാരനായ ഭര്‍ത്താവ്. പ്രസവ വേദന മൂലം അസ്വസ്ഥത പ്രകടിപ്പിച്ച സഹധര്‍മിണിയുമായി നിരത്തിലിറങ്ങിയ ഇദ്ദേഹം, ഷാര്‍ജ-ദുബൈ ഹൈവേയിലെ ഗതാഗത കുരുക്കിന് മുന്നില്‍ നിസ്സഹായനായി. ഉടന്‍ ഷാര്‍ജ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടുകയായിരുന്നു. രണ്ട് മിനിറ്റിനകം പൊലീസ് വാഹനമെത്തി ഗര്‍ഭിണിയെയും കുടുംബത്തെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ പൊലീസ് വാഹനങ്ങള്‍ രംഗത്തിറങ്ങി.
ആശുപത്രിയിലെത്തി മൂന്ന് മിനുട്ടിനകം യുവതി പ്രസവിക്കുകയും ചെയ്തു. മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത ഷാര്‍ജ പൊലീസ് തന്നെയാണ് ലോകത്തെ അറിയിച്ചത്. കുഞ്ഞിന്‍െയും, പിതാവ് സംഭവം വിവരിക്കുന്നതിന്റെയും വീഡിയോയും പൊലീസ് പുറത്തു വിട്ടു. എന്നും പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശവും ജനങ്ങള്‍ക്ക് ഷാര്‍ജ പൊലീസ് ടീം നല്‍കി.

chandrika: