ആഗോളതലത്തിൽ വൈറലായ മലയാളി റാപ്പർ ‘ഹനുമാൻകൈൻഡ്’ എന്നറിയപ്പെടുന്ന സൂരജ് ചെറുകാട്ട് മലയാള സിനിമയിലേക്കെത്തുന്നു. ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ തയാറാകുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് ഹനുമാൻകൈൻഡിന്‍റെ രംഗപ്രവേശനം. ചിത്രത്തിൽ ഭീര എന്ന കഥാപാത്രത്തെയാണ് ഹനുമാൻകൈൻഡ് അവതരിപ്പിക്കുക. ഇതിന്‍റെ കാരക്ടർ പോസ്റ്റർ ആഷിഖ് അബു പുറത്തുവിട്ടു.
വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ് എന്നിവരാണ് ‘റൈഫിൾ ക്ലബ്ബി’ലെ പ്രധാന അഭിനേതാക്കൾ. വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട് . ബോളിവുഡ് താരം അനുരാഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘റൈഫിൾ ക്ലബ്’. ശ്യാം പുഷ്കരൻ – ദിലീഷ് കരുണാകരൻ, ഷറഫു – സുഹാസ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ ‘മായാനദി’ക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് ‘റൈഫിൾ ക്ലബ്’. ഒപിഎം സിനിമാസിൻ്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റെക്സ് വിജയനാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്.
‘ബിഗ് ഡോഗ്സ്’ എന്ന റാപ് സോങ്ങിലൂടെയാണ് ഹനുമാൻകൈൻഡ് ആഗോളതലത്തിൽ ട്രെൻഡിങ്ങായിരിക്കുന്നത്. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാൻകൈൻഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 56 മില്യൺ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ലോകം ചർച്ച ചെയ്യുന്ന ഈ മ്യൂസിക് വിഡിയോ ചിത്രീകരിച്ചത് കേരളത്തിലെ പൊന്നാനിയിലാണ്.