ബംഗളൂരു: ഹനുമന്തപ്പയെ ആരും മറന്നു കാണില്ല. സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍ പെട്ട് ജീവന്‍ വെടിഞ്ഞ ആ ധീര ജവാന്‍ രാജ്യത്തിനെന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ്. എന്നാല്‍ ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി കൊപ്പാദിനെ എല്ലാവരും മറന്ന മട്ടാണ്. ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ നിന്ന് പല വാഗ്ദാനങ്ങള്‍ എത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇപ്പോള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്.
ജോലിയാണ് മഹാദേവിക്ക് ഇപ്പോള്‍ ആവശ്യം. നിലം വൃത്തിയാക്കാന്‍ വരെ തയ്യാറാണെന്നും അന്തസ്സോടെയുള്ള ഒരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും നിറകണ്ണുകളോടെ മഹാദേവി പറയുന്നു. കൂട്ടിന് മൂന്നു വയസായ മകളും. അവള്‍ പലപ്പോഴും അച്ഛനെക്കുറിച്ചാണ് ചോദിക്കുന്നത്. അച്ഛനെപ്പോലെ മകളെയും പട്ടാളത്തില്‍ ചേര്‍ക്കാനാണ് എനിക്ക് ആഗ്രഹം, ആവുന്നിടത്തോളം സ്‌നേഹം നല്‍കി ഞാനവളെ വളര്‍ത്തും, പട്ടാളക്കഥകളും അവരുടെ ജീവത്യാഗവും അവളെ പറഞ്ഞുമനസിലാക്കിക്കൊടുക്കുമെന്നും മഹാദേവി പറയുന്നു.
ഹനുമന്തപ്പയുടെ മരണത്തിന് പിന്നാലെ സര്‍ക്കാറില്‍ നിന്നു ഉദ്യോഗസ്ഥരില്‍ നിന്നും പല വിധ സഹായങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ പലതും പൂര്‍ത്തിയായിട്ടില്ല. കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരവും വീടുവെക്കാന്‍ സ്ഥലവും നല്‍കിയെങ്കിലും ജീവിതാവസാനം വരെ അത് പോരെന്നും ജോലി ലഭിച്ചാല്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് വിരിക്കാനാവുമെന്നും മഹാദേവി പറയുന്നു. ജോലി നല്‍കാമെന്ന് ബന്ധപ്പെട്ട അധികാരികള്‍ വാക്കുനല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല, ഇതിനായി പലവിധ സര്‍ക്കാര്‍ വാതിലുകളും മുട്ടിയെന്നല്ലാതെ നിരാശയായിരുന്നു ഫലമെന്ന് വേദനയോടെ മഹാദേവി പറയുന്നു.
അതേസമയം ഹനുമന്തപ്പയ്ക്ക് സ്വഗ്രാമത്തില്‍ ഉചിതമായ സ്മാരകം പണിയുമെന്ന വാഗ്ദാനവും എങ്ങുമെത്തിയിട്ടില്ല, അതേസമയം ജോലി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാറാണെന്നും അല്ലെന്നുമുള്ള വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. സൈന്യത്തോടുള്ള കൂറ് ഇടക്കിടെ വിളിച്ച് പറയുന്ന കേന്ദ്രസര്‍ക്കാറും ഈ അപേക്ഷ കേട്ട മട്ടില്ല. ഭര്‍ത്താവിന്റെ സാമീപ്യം ഒരോ നിമിഷത്തിലും അനുഭവപ്പെടുന്നുണ്ടെന്നും തന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നും മഹാദേവി പറയുന്നു.
സിയാച്ചിനിലെ മഞ്ഞു പാളികള്‍ക്ക് ഇടയില്‍ നിന്നും ആറു ദിവസങ്ങള്‍ക്കു ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യന്‍ സേന കണ്ടെത്തുന്നത്. മൈനസ് 45ഡിഗ്രീ തണുപ്പില്‍ നിന്നും ആറു ദിവസത്തിന് ശേഷം ഒരാളെ ജീവനോടെ കണ്ടെത്തിയത് അത്ഭുതം ആയി പലരും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വെച്ച് ഹനുമന്തപ്പ അന്തരിക്കുകയായിരുന്നു.