ബെംഗളൂരു: ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ 2023ല്‍ പ്രദര്‍ശിപ്പിച്ച പരിശീലന വിമാനത്തില്‍ വീണ്ടും ഹനുമാന്‍ സ്റ്റിക്കര്‍ പതിച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച എച്ച്.എല്‍.എഫ്.ടി- 42 എന്ന വിമാനത്തിലാണ് സ്റ്റിക്കര്‍ പതിച്ചത്. എയ്‌റോ ഇന്ത്യ ഷോയുടെ തുടക്കത്തില്‍ ഇതുപോലെ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിരോധ പ്രദര്‍ശനത്തില്‍ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതിനെതിരെ ചിലര്‍ രംഗത്തെത്തി.
തുടര്‍ന്ന് നീക്കം ചെയ്യുകയുമായിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുശേഷം എയ്‌റോ ഇന്ത്യയുടെ സമാപന ദിവസം വീണ്ടും സ്റ്റിക്കര്‍ പതിക്കുകയായിരുന്നു. വിമാനത്തിന് പിന്നിലുള്ള വെര്‍ട്ടിക്കല്‍ സ്‌റ്റെബിലൈസറിന്റെ വശത്താണ് സ്റ്റിക്കര്‍ ഉള്ളത്. കൊടുങ്കാറ്റ് വരുന്നു എന്ന് അര്‍ഥമുള്ള ‘The Storm is Coming’ എന്ന വാചകവും ചിത്രത്തിന് താഴെയുണ്ട്. ഉന്നതാധികാരികളുടെ ഉത്തരവനുസരിച്ചാണ് സ്റ്റിക്കര്‍ പതിച്ചതെന്ന് എച്ച്.എ.എല്‍ ഉദേ്യാഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.