X

ഹനുമാന്‍ ജയന്തി സംഘര്‍ഷം; 21 പേര്‍ അറസ്റ്റില്‍, റാലിയില്‍ വാളും തോക്കുകളും

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചുള്ള ശോഭായാത്രക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റു ചെയ്തതായി പൊലീസ്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്നും ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

വാളുകള്‍, തോക്കുകള്‍, ഹോക്കി സ്റ്റിക്കുകള്‍ തുടങ്ങിയ ആയുധവുമായി റാലിയില്‍ പങ്കെടുത്തവര്‍ മുസ്‌ലിംകള്‍ക്ക് നേരെ കൊലവിളി മുഴക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറിയത്. ജഹാംഗിര്‍പുരിയില്‍ ശോഭായാത്ര പള്ളിക്കു മുന്നിലെത്തിയതോടെ ഒരു വിഭാഗം അക്രമത്തിനു മുതിരുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലായി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നേരത്തെ തന്നെ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ല. രൂക്ഷമായ കല്ലേറില്‍ സംഘര്‍ഷം തടയാനെത്തിയ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയില്‍ നിന്നുണ്ടായ വെടിവെപ്പില്‍ ഒരു എസ്.ഐക്കും പരിക്കേറ്റു. എസ്.ഐ മേദാലാല്‍ മീണയുടെ ഇടതു കൈയ്ക്കാണ് വെടിയേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്.

ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുനേരെ പള്ളിക്കു മുന്നില്‍ നിന്ന ഒരാള്‍ വാക്കേറ്റത്തിനു മുതിര്‍ന്നതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. അതേസമയം ശോഭായാത്രയില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം ആയുധങ്ങളുമായാണ് എത്തിയിരുന്നതെന്നും ഇവര്‍ പള്ളിക്കു മുന്നിലെത്തിയതോടെ അക്രമത്തിനു മുതിര്‍ന്നതാണ് സംഘര്‍ഷത്തിനു കാരണമെന്നും പ്രദേശവാസിയായ നൂര്‍ജഹാന്‍ ആരോപിച്ചു.

ഐ.പി.സി 147(കലാപമുണ്ടാക്കല്‍), 148 (മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307 (കൊലപാതക ശ്രമം), 120 ബി- (ക്രിമിനല്‍ ഗൂഢാലോചന), 186 – (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 353 (കൃത്യനിര്‍വഹണത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍), 323 (മുറിവേല്‍പ്പിക്കല്‍), 436 (തീവെപ്പ്), 34(കുറ്റകൃത്യം ചെയ്യണമെന്ന പൊതു ഉദ്ദേശ്യത്തോടടെ സംഘം ചേരല്‍) എന്നിവ പ്രകാരവും ആയുധ നിയമത്തിലെ 27ാം വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ക്കുനേരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം തലസ്ഥാന നഗരിയിലുണ്ടായ ഏറ്റവും വലിയ വര്‍ഗീയ സംഘര്‍ഷമാണ് ജഹാംഗീര്‍പൂരിയിലേത്. കലാപം തടയുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വന്‍ പൊലീസ് സന്നാഹത്തെ നേരത്തതന്നെ പ്രദേശത്ത് വിന്യസിച്ചിരുന്നതായുമാണ് പൊലീസ് വാദം. പ്രദേശത്തെ സി.സി.ടി. വി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കലാപത്തെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ഇതിനിടെ പൊലീസ് വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി(അമാന്‍ കമ്മിറ്റി) യോഗം ബി.ജെ.പി കൗണ്‍സിലറുടെ ഇടപെടലിനെതുടര്‍ന്ന് അലസിപ്പിരിഞ്ഞു. വിവിധ സാമുദായിക നേതാക്കളെ ഉള്‍കൊള്ളിച്ച് രൂപംനല്‍കിയ ആദര്‍ശ്‌നഗര്‍, മഹേന്ദ്രപാര്‍ക്ക്, ജഹാംഗിര്‍പുരി എന്നിവിടങ്ങളില്‍ നിന്നുള്ള അമാന്‍ കമ്മിറ്റികളാണ് ഡി.സി.പി രംഗനാനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.സംഘര്‍ഷത്തിനു പിന്നില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാരോപിച്ച് ബി.ജെ.പി കൗണ്‍സിലര്‍ ബഹളം വെച്ചതോടെ യോഗം അലസിപ്പിരിയുകയായിരുന്നു.

Test User: