ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലൂടെ ഖത്തര്‍ മാനവകുലത്തിന് നല്‍കിയത് മഹത്തായ മാതൃകയാണെങ്കിലും ഇങ്ങ് കേരളത്തില്‍ ഫുട്‌ബോളിന്റെ പേരില്‍ അരങ്ങേറിയത് ആശ്വാസകരമായ ചെയ്തികളായില്ല എന്ന് പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. ഫൈനല്‍ മത്സരത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ അനിഷ്ടകരമായ സംഭവങ്ങള്‍ വേദനാജനകമാണ്. ഇഷ്ട ടീമിന്റെ വിജയവും പരാജയവും ആരാധകരില്‍ തെല്ലൊന്നുമല്ല ആഹ്ലാദവും ദുഃഖവുണ്ടാക്കിയത്. എന്നാല്‍ ഇത് അക്രമങ്ങളിലേക്ക് അരങ്ങേറിയത് അംഗീകരിക്കാനാവില്ല. കണ്ണൂര്‍ പയ്യാമ്പലം പള്ളിയാന്‍മൂലയില്‍ മൂന്നു പേര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഭാഗ്യവശാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു.
വിജയാഘോഷം അതിരുവിട്ടതോടെയാണ് പലയിടത്തും സംഘര്‍ഷം ഉടലെടുത്തത്. കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായി. കൊല്ലം കൊട്ടാരക്കരയില്‍ ഡി.വൈ.എഫ്.ഐ-എ.ഐ. വൈ.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയത്. ഇവര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്. അക്രമികള്‍ പൊലീസുകാരനെ കാലില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരു പൊലീസുകാരനും മര്‍ദനമേറ്റു. തിരുവനന്തപുരം പൊഴിയൂരില്‍ ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്ത് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയവരെ പിടികൂടുന്നതിനിടെയാണ് പൊഴിയൂര്‍ എസ്.ഐ സജിക്ക് പരിക്കേറ്റത്. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐയെ ചവിട്ടിവീഴ്ത്തുകയും കൈയില്‍ ചവിട്ടുകയും ചെയ്തു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സാമൂഹ്യവിരുദ്ധര്‍ അവസരം മുതലെടുത്തതായും കരുതേണ്ടതുണ്ട്. റോഡ് ബ്ലോക്ക് ചെയ്തും വഴിതടസ്സപ്പെടുത്തിയുമുള്ള ആഘോഷവും അംഗീകരിക്കാനാകില്ല. ബിരിയാണി വിളമ്പിയും പായസം നല്‍കിയും ആഘോഷിച്ചവരെ മറന്നല്ല ഇതെഴുതുന്നത്. കളിഭ്രമത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളുടെ ബഹുമാനവും ആദരവും നമുക്ക് നേടായതും ചെറിയ കാര്യമല്ല.
ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ ലോക ജനതയെ ഒന്നിപ്പിക്കാനുള്ളതാണ്. അത് ഏതെങ്കിലും തരത്തിലുള്ള വൈരത്തിലോ അക്രമത്തിലോ കലാശിക്കേണ്ടതല്ല. കളിയുടെ പേരില്‍ കൈയ്യാങ്കളി പാടില്ലാത്തതാണ്. സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ മാത്രമേ എടുക്കാവൂ. കലാ കായിക മത്സരങ്ങളുടെ പേരില്‍ വൈരം പരത്തുന്നവര്‍ മാനവരാശിയുടെ ശത്രുക്കളാണ്. എന്നാല്‍ ആധുനിക ലോകത്ത് അരങ്ങേറുന്നതും അതുതന്നെയാണ്. കളിയില്‍ പോലും രാഷ്ട്രീയം കണ്ടെത്തുന്ന പ്രവണത ലോകത്ത് വര്‍ധിച്ചുവരുന്നുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കയ്യടിക്കുന്നതുപോലും ആധുനിക ലോകത്ത് രാജ്യദ്രോഹ കുറ്റമായി പരിണമിക്കാറുണ്ട്. വംശവെറിയന്മാരുടെ കൂത്തരങ്ങായും പലപ്പോഴും കായിക വേദികള്‍ വഴിമാറുന്നുണ്ട്.
ഇത്രയേറെ കളി ഭ്രാന്തന്മാരുണ്ടായിട്ടും ഇതര രാജ്യക്കാര്‍ക്ക് വേണ്ടി കൈയ്യടിക്കാനും തല്ലുകൂടാനും മാത്രമാണ് ഇന്ത്യക്കാരുടെ വിധി എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. കാല്‍പന്തിന്റെ ആഗോള റാങ്കിംഗില്‍ ഇന്ത്യ 106 ാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഏഷ്യയില്‍നിന്നുള്ള പട്ടികയിലേക്ക് ജയിച്ചുകയറാന്‍ പോലും ഇന്ത്യക്കായിട്ടില്ല. 1950 ഏഷ്യന്‍ പ്രാതിനിധ്യത്തിന്റെ പേരില്‍ വെറുതെ കിട്ടിയ പ്രവേശനമാണ് ലോകകപ്പ് യോഗ്യതയുടെ ഇന്ത്യാചരിത്രം. അന്നു ഗ്രൂപ്പിലുണ്ടായിരുന്ന ഫിലിപ്പീസ്, മ്യാ ന്മര്‍ പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക പരാധീനത നിമി ത്തം ബ്രസീലിലെത്താനാകാതെ പിന്മാറിയപ്പോള്‍ ഇന്ത്യ കയറി കൂടിയതാണത്രേ. എന്നിട്ടും ഇന്ത്യ കളിച്ചതുമില്ല. പിന്നീടൊരു യോഗ്യത മത്സരത്തിന് ശ്രമിച്ചു തുടങ്ങുന്നത് 1986 മുതലാണ്. ഹെല്‍സിങ്കി ഒളിമ്പിക്‌സിലെ നാലാം സ്ഥാനമാണ് ആകെ ആഗോള നേട്ടം. ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ രണ്ടുവട്ടം സ്വര്‍ണവും ഒരിക്കല്‍ വെങ്കലവും നേടിയിട്ടുണ്ട്. നമ്മേക്കാളും ചെറിയ രാജ്യങ്ങളും ജനസംഖ്യയില്‍ എത്രയോ മടങ്ങ് പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളും ലോക ഫുട്‌ബോളില്‍ വലിയ ശക്തികളായി മാറുന്നത് നോക്കിനില്‍ക്കാനേ ഇന്ത്യന്‍ യുവതക്ക് യോഗമുള്ളു. ഈ ദുഃസ്ഥിതിയില്‍നിന്ന് ഇന്ത്യന്‍ ഫുട്ബാളിനെ കരകയറ്റാനായിരിക്കണം ഭരണാധികാരികളുടെ നീക്കം. എല്ലാറ്റിലും രാഷ്ട്രീയ ലാഭം മാത്രം കാണുന്ന ഭരണകൂടങ്ങള്‍ ഇത്തരം നിലപാടുകള്‍ മാറ്റി പൂര്‍ണ മനസ്സോടെ അതിനായി രംഗത്തിറങ്ങണം. എങ്കില്‍ ഇന്ത്യന്‍ പതാക വീശിത്തന്നെ ആരാധകര്‍ ആഘോഷിക്കുന്ന നാള്‍ വന്നെത്തുക തന്നെ ചെയ്യും.