അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈ വിലങ്ങ് അണിയിപ്പിച്ചാണ് കഴിഞ്ഞ ദിവസം രാത്രിയും മൂന്നാം വിമാനത്തില്‍ അമൃത്സറിലെത്തിച്ചിരുന്നതെന്നാണ് വിവരം. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക നാടുകടത്തിയത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ അധികവും ഹരിയാന സ്വദേശികളാണ്. 44 ഹരിയാന സ്വദേശികളും 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും രണ്ട് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ളവരാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഓരോ ആളുകള്‍ വീതവുമുണ്ട്.
പത്ത് ദിവസത്തിനുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്ന് വിമാനം ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തില്‍ 104 ഇന്ത്യക്കാരും രണ്ടാമത്തെ ശനിയാഴ്ച രാത്രിയെത്തിയ വിമാനത്തില്‍ 116 ഇന്ത്യക്കാരുമാണുണ്ടായത്. തിരിച്ചയച്ചവരെ വിലങ്ങണിയിച്ച് എത്തിച്ചതില്‍ രാജ്യത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.