സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപറ്റുന്നതായുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ കണ്ടെത്തല്‍ ഉദ്യോഗസ്ഥ വൃന്ദത്തിനാകെ നാണക്കേട് സമ്മാനിച്ചിരിക്കുകയാണ്. കോളജ് പ്രൊഫസര്‍മാരും ഹയര്‍സെക്കണ്ടറി അധ്യാപകരുമുള്‍പ്പെടെയുള്ള സംഘത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്ന് 373 പേര്‍, പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് 224 പേര്‍, ആരോഗ്യ വിദ്യാഭ്യാസ മേഘലയില്‍ നിന്ന് 124 പേര്‍, ആയുര്‍വേദ വകുപ്പില്‍ നിന്ന് 114 പേര്‍, മൃഗസരംക്ഷണ വകുപ്പില്‍ നിന്ന് 74 പേര്‍, പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 47 പേര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടുകിടക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇത്രയും ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ അവകാശികള്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന് ഉറപ്പു വരുത്താനുള്ള മസ്റ്ററിംഗ് സംവിധാനം വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി നടക്കുന്നുണ്ട്. അവകാശികള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ ബന്ധുക്കളും മറ്റും അവ കൈപ്പറ്റുന്നില്ല എന്നുറപ്പുവരുത്താനാണ് ഈ സംവിധാനം. അപേക്ഷ സമര്‍പ്പിക്കുക, പരിശോധനക്ക് വിധേയമാക്കപ്പെടുക, അംഗീകാരം നല്‍കുക തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് ക്ഷേമ പെന്‍ഷന്റെ അപേക്ഷകള്‍ കടന്നുപോകുന്നത്. ഈ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് ഒടുവില്‍ വര്‍ഷാവര്‍ഷത്തില്‍ നടക്കുന്ന മസ്റ്ററിംഗിനെയും മറികടന്ന് സര്‍ക്കാര്‍ ജീ വനക്കാരന്‍ ക്ഷേമ പെന്‍ഷന്‍ കൈവശപ്പെടുത്തുന്നുണ്ടങ്കില്‍ അവരുടെ തൊലിക്കട്ടിക്കൊപ്പം വിവിധ തലങ്ങളില്‍ നിന്നുള്ള സഹായങ്ങളും അവര്‍ക്ക് നിര്‍ലോഭം ലഭ്യമായിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ കടുംകൈക്ക് മുതിര്‍ന്നവരെ മാത്രമല്ല, അതിനുള്ള സാഹചര്യമൊരുക്കിക്കൊടുത്തവരെയും മാതൃകാപരമായ ശിക്ഷക്ക് വിധേയമാക്കപ്പെടേണ്ടതാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നെറികെട്ട സമീപനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിനും ഒരിക്കലും മാറിനില്‍ക്കാനാവില്ല. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും അതുവഴി സര്‍ക്കാറിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 9201 ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നതായാണ് ഈ റിപ്പോര്‍ട്ടില്‍ സി.എ.ജി പറഞ്ഞത്. 2017 -18 മുതല്‍ 2019 – 20 വരെ 39.27 കോടി രൂപ അനര്‍ഹപെന്‍ഷന്‍ വിതരണത്തിലൂടെ ഖജനാവിന് നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് അനര്‍ഹ പെന്‍ഷന്‍ നല്‍കുന്നതെന്നതുള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടായിരുന്നു സര്‍ക്കാറിന്റെ മേശപ്പുറത്തുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറായില്ല. ക്ഷേമ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും വ്യാപകമായ പിഴവുകളുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ ഗുണഭോക്താക്കള്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ അനുവദിച്ചതും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെ പെന്‍ഷന്‍ അനുവദിച്ചതും ഗുണഭോക്തൃസര്‍വേയില്‍ 20 ശതമാനത്തോളം അനര്‍ഹരെ കണ്ടെത്തിയതുമെല്ലാം ഈ നിരുത്തരവാദ സമീപനത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ 1600 രൂപയുടെ ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. വസ്തുതകളെല്ലാം മറച്ചുവെച്ച് ക്ഷേമ പെന്‍ഷനുകളുടെ പേരില്‍ പ്രചണ്ഡമായ പ്രചാരണമാണ് ഈ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നത്. എന്നാല്‍ ഇതേ ക്ഷേമ പെന്‍ഷനുകള്‍ ആറു മാസത്തിലധികം വൈകിപ്പിച്ച് ജനങ്ങളെ കൊടുംപ്രയാസത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍പോലും മൂന്നുമാസത്തോളം പെന്‍ഷന്‍ കുടിശ്ശികയായിക്കിടക്കുകയായിരുന്നു. ചരിത്രത്തിലിന്നേവരെ ദര്‍ശിക്കാത്തവിധം ക്ഷേമ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുന്ന കാഴ്ച്ചവരെ പിണറായി സര്‍ക്കാറിന്റെ കാലത്ത് കാണേണ്ടിവന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണമായ സാഹചര്യത്തിന് കാരണമായിപ്പറയാനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കോടിക്കണക്കിന് രൂപ പെന്‍ഷന്‍ ഇനത്തില്‍ ചോര്‍ന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിനോട് നിസംഗ സമീപനം സ്വീകരിച്ച ഭരണകുടം ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും നടപടി സ്വീകിരിക്കുമെന്ന് ഒരിക്കലും കരുതാന്‍ സാധിക്കില്ല.