ദുരന്ത ഭൂമിയായ വയനാടിന് വേണ്ടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച പുനരധിവാസ ഫണ്ട് രണ്ട് ദിവസം കൊണ്ട് തന്നെ നാല് കോടി കവിഞ്ഞു. ഓരോ മണിക്കൂറിലും പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി പുനരധിവാസ ഫണ്ടിലേക്ക് ആയിരങ്ങളാണ് സാന്ത്വനത്തിന്റെ കരുതലുമായി സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. വയനാടിന്റെ കണ്ണീരൊപ്പാന്‍ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സംബന്ധിച്ച രൂപരേഖ തയ്യാറായി വരികയാണ്.
ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത വയനാട്ടില്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുമായി ചേര്‍ന്ന് പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക സമിതിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍ വിഭാഗവും സേവന നിരതരാണ്. വയനാട്ടിലെ സേവനത്തിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂരില്‍ മൃതദേഹങ്ങള്‍ തിരയുന്ന പ്രവര്‍ത്തനങ്ങളിലും വൈറ്റ് ഗാര്‍ഡ് സജീവമായിരുന്നു.
പുനരധിവാസ ഫണ്ട് വിജയിപ്പിക്കാന്‍ ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും പോഷക ഘടകങ്ങളുടെ കീഴ് ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. പരമാവധി വീടുകള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തണം. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഫണ്ട് സമാഹരണത്തിന് ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കണം. അതാത് രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് നിശ്ചിത സമയത്തിനകം സംസ്ഥാന കമ്മിറ്റിക്ക് തുക കൈമാറേണ്ടതാണ്.
നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ആപ്പ് വഴി സ്വന്തം യൂണിറ്റുകള്‍ തെരഞ്ഞെടുത്ത് പണമയയ്ക്കാവുന്നതാണ്. ആഗസ്ത് 15ന് ഫണ്ട് സമാഹരണം അവസാനിപ്പിച്ച് പുനരധിവാസ പാക്കേജ് അനുസരിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് ഉണ്ടായതെന്നും ദുരന്തത്തിന് ഇരയായവരെ ചേര്‍ത്തുപിടിക്കാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും പി.എം.എ സലാം പറഞ്ഞു.