X

‘മാനസിക രോഗിയെ പോലെ അയാള്‍ എന്റെ പിന്നാലെ നടന്നു’; പിടിയിലായ നൂറുദ്ദീനെ കുറിച്ച് ഹനാന്‍

കൊച്ചി: സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തിയതെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഹനാനെതിരെ ഫേസ്ബുക്കില്‍ വിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ നൂറുദ്ദീന്‍ ഷെയ്ഖിനെക്കുറിച്ച് പ്രതികരിച്ച് പെണ്‍കുട്ടി. വയനാട് സ്വദേശിയായ നൂറുദ്ദീനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഹനാന്‍ പറഞ്ഞു. അയാള്‍ തനിക്ക് ചുറ്റും ഒരു ഭ്രാന്തനെ പോലെ നടക്കുന്നത് കണ്ടിരുന്നതായാണ് ഹനാന്‍ പറയുന്നത്.

‘കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തകരെ കാണാനായി ഞാന്‍ പോയത്. അവിടെ എത്തിയതു മുതല്‍ നൂറുദ്ദീന്‍ ഷെയ്ഖിനെ കണ്ടിരുന്നു. ഒരു മാനസിക രോഗിയെ പോലെ ഇയാള്‍ എന്റെ പിറകില്‍ നടക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു വനിത റിപ്പോര്‍ട്ടറോട് എന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നിയമം നിയമത്തിന്റെ രീതിയില്‍ പോകുന്നുണ്ട്.

സര്‍ക്കാറിന്റെയും കോളജിന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ട്’, ഹനാന്‍ പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ വീഡിയോ വൈറലായി. ഇതിന് വിശദീകരണം നല്‍കിയും ഇയാള്‍ ഇന്നലെ വീഡിയോ തയാറാക്കിയിരുന്നു. വയനാട് സ്വദേശിയാണെങ്കിലും ഇയാള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഇന്ന് അറസ്റ്റിലായ ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഹനാനെതിരെ അപകീര്‍ത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഹനാനെ അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

എറണാകുളത്ത് തമ്മനത്ത് ഹനാന്‍ എന്ന പെണ്‍കുട്ടി മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതോടെ കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണം നടന്നിരുന്നു. സിനിമയുടെ പ്രചാരണാര്‍ത്ഥം പെണ്‍കുട്ടിയെക്കൊണ്ട് സെറ്റിട്ട് മീന്‍ വില്‍പന നടത്തിച്ചുവെന്നായിരുന്നു ആക്ഷേപം.

സൈബര്‍ ആക്രമണം രൂക്ഷമായതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും കോളജ് ഡയറക്ടറുടെ ഫേസ്ബുക്ക് ലൈവിലും ആവശ്യപ്പെട്ടിരുന്നു. തന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എനിക്ക് ആരുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകിയിട്ടാണെങ്കിലും ജീവിക്കുമെന്നും ഹനാന്‍ പറഞ്ഞു.

chandrika: