X

മുസ്‌ലിം ലീഗ് നേതാവ് ഹമീദലി ഷംനാട് അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിം  ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ എം.പിയുമായ ഹമീദലി ഷംനാട് നിര്യാതനായി. 88 വയസായിരുന്നു. കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷംനാടിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് തായലങ്ങാടി ജുമാമസ്ജിദില്‍.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹരിത രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള മാതൃകാനേതാവും ശുദ്ധരാഷ്ട്രീയക്കാരനുമായിരുന്നു ഷംനാട് സാഹിബെന്ന പേരിലറിയപ്പെടുന്ന അഡ്വ. ഹമീദലി ഷംനാട്. ജനനം 1929 ജനുവരി 23. കര്‍ണാടക ബല്ലാരി തഹസില്‍ദാരായിരുന്ന കുമ്പള പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ ശെറൂല്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ഷംനാട്- ഖദീജാബി ശെറൂള്‍ ദമ്പതികളുടെ മകനാണ്. ബാഡൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കാസര്‍കോട് ബി.ഇ.എം സ്‌കൂള്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലും കോളജിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദം പാസായി.

 
മുസ്ലിം ലീഗ് നേതാവായിരുന്ന ബി. പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ 1956ല്‍ പ്രാക്ടീസ് ആരംഭിച്ചു. ഏതാനും വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷം കാസര്‍കോട്ടെത്തി. കാസര്‍കോട് കോടതിയില്‍ പ്രാക്ടീസ് തുടങ്ങുകയായിരുന്നു. പ്രാക്ട്രീസ് കാലയളവില്‍ മുസ്്ലിം ലീഗ് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലീഗില്‍ അംഗത്വമെടുത്തു. 1960ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ നാദാപുരത്തിന്റെ എം.എല്‍.എയായി ഹമീദലി നിയമസഭയിലെത്തി. അറിയപ്പെട്ട അഭിഭാഷകനായി കോടതിയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു നാദാപുരത്തേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്.

1965ല്‍ ഒരു തവണകൂടി മത്സരിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെങ്കിലും ഒറ്റത്തവണ കൊണ്ട് എം.എല്‍.എ ജീവിതം നിര്‍ത്തിക്കളയുകയായിരുന്നു. പിന്നീട് 1970 മുതല്‍ 79 വരെ രണ്ടുതവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയ്, എല്‍.കെ അദ്വാനി, ഇബ്രാഹിം സുലൈമാന്‍ സേഠ്, സി.എച്ച് മുഹമ്മദ് കോയ, ജി.എം ബനാത്ത് വാലയടക്കമുള്ള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എം.പിയും എം.എല്‍.എയുമായി മുതിര്‍ന്നപ്പോഴാണ് കാസര്‍കോട് മുനിസിപ്പാലിറ്റി തുരുത്തി വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി നിര്‍ദേശിക്കുന്നത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് 1982 മുതല്‍ 87 വരെ കാസര്‍കോട് നഗരസഭ ചെയര്‍മാനായിരുന്നു.

കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹോം ഗാര്‍ഡ് അഡൈ്വസരി ബോര്‍ഡ് അംഗം, കാസര്‍കോട് -കണ്ണൂര്‍ ജില്ലകളിലെ മുസ്്ലിം ലീഗ് കമ്മറ്റിയംഗം, കേരള റൂറല്‍ ഡവലെപ്മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍, 1981 മുതല്‍ 87 വരെ പി.എസ്.സി അംഗം, ഓവര്‍സീസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഒഡെപെക്) ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ഉമ്മു ഹലീമ. മക്കള്‍: റസിയ, പ്യാരി, അഡ്വ. ഫൗസിയ. മരുമക്കള്‍: ഡോ. സൈദ് അഷ്റഫ് (കരുണ മെഡിക്കല്‍കോളജ് പാലക്കാട്), ഡോ. ആര്‍ അബ്ദുല്‍ റഹീം(കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റില്‍), നിസാര്‍ (റിട്ട. കെല്‍ എഞ്ചിനീയര്‍). സഹോദരി: പരേതയായ മറിയാബീവി ശെറൂള്‍.

chandrika: