X
    Categories: CultureMoreNewsViews

കെ.ടി ജലീല്‍ സമസ്തയോട് നീതി കാണിച്ചിട്ടില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ സമസ്തയോട് നീതി കാണിച്ചിട്ടില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ക്കും ഹൈദരലി ശിഹാബ് തങ്ങള്‍ക്കും എതിരെ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘മന്ത്രിയുടെ നിലപാടുകള്‍ നിഷ്പക്ഷവും സത്യസന്ധവുമല്ലെന്ന് ഇതിന് മുമ്പ് തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട് .
സമസ്ത എപി വിഭാഗം പള്ളി മദ്രസാ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മന്ത്രി അദാലത്ത് പ്രഖ്യാപിച്ചു . സമസ്ത സഹകരണം വാഗ്ദാനം ചെയ്തു . പക്ഷെ , സമസ്തയെ വഞ്ചിക്കാന്‍ ഈ അവസരം മന്ത്രി ഉപയോഗപെടുത്തുന്നുവെന്ന് ബോധ്യപെട്ടപ്പോള്‍ സമസ്ത അദാലത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന് മന്ത്രിയെ നേരിട്ടറിയിക്കുകയായിരുന്നു . ഇതൊന്നും സമസ്ത മന്ത്രിക്കെതിരെ പ്രചരണായുധമാക്കിയിട്ടില്ല’-ഹമീദ് ഫൈസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മന്ത്രി ജലീലിനെന്ത് പറ്റി ?

അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്

മന്ത്രി ബന്ധുവിന്‍റെ ജോലി വിവാദം നാട്ടില്‍ കത്തി നില്‍ക്കുന്നു . മുസ്ലിം യൂത്ത് ലീഗ് മന്ത്രിക്ക് എതിരെ ആഞ്ഞടിക്കുന്നു .
ആരോപണ പ്രത്യാ- രോപണങ്ങളുമായി ഭരണ പക്ഷവും പ്രതിപക്ഷവും പോര്‍ക്കളത്തില്‍ അരങ്ങ് തകര്‍ക്കുന്നു .
സ്വജന പക്ഷപാതവും നീതി നിഷേധവും നല്ല പ്രവണതയാണന്ന് ധര്‍മ്മ ബോധമുള്ള ആരും പറയില്ല . മന്ത്രി സഭയിലെ മുസ്ലിം പ്രതിനിധി നീതിയിലും ധര്‍മ്മത്തിലും മാതൃകയാകേണ്ടതായിരുന്നു . അതുണ്ടായില്ലന്ന് മാത്രമല്ല വിവാദത്തില്‍ കക്ഷിയല്ലാത്ത സമസ്തയുടെ അജയ്യനായ ജനഃ സെക്രട്ടറിയെ എന്തിനാണ് ഈ വിവാദത്തിലേക്ക് മന്ത്രി വലിച്ചിഴച്ച് കൊണ്ടു വന്നത് ?
ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളേയും എന്തിനാണ് വിമര്‍ശിക്കുന്നത് ?

കേരളത്തിലെ മുസ്ലിം പണ്ഡിത സംഘടനയുടെ ആദര്‍ശ ധീരനും വിനയാന്വിതനുമായ ജനഃ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലികുട്ടി മുസ്ലിയാര്‍ കക്ഷി രാഷ്ട്രീയ വിവാദങ്ങളിലൊന്നും ഇടപെടാറില്ല .
സമസ്തയുടെ പ്രതിയോഗികള്‍ പോലും ഉസ്താദിനെ വിമര്‍ശിക്കാറില്ല . വന്ദ്യരായ പാണക്കാട് തങ്ങളാകട്ടെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും ആത്മീയ നായകനായി കാണുകയും ചെയ്യുന്ന മഹാനാണ് .

മന്ത്രി ജലീല്‍ ചെയ്യുന്ന തെറ്റുകള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ഈ മഹാത്മാക്കളെ എന്തിനാണ് വേദനിപ്പിക്കുന്നത് ?

മന്ത്രിയുടെ നിലപാടുകള്‍ നിഷ്പക്ഷവും സത്യസന്ധവുമല്ലെന്ന് ഇതിന് മുമ്പ് തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട് .
സമസ്ത -എപി വിഭാഗം പള്ളി മദ്രസാ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മന്ത്രി അദാലത്ത് പ്രഖ്യാപിച്ചു . സമസ്ത സഹകരണം വാഗ്ദാനം ചെയ്തു . പക്ഷെ , സമസ്തയെ വഞ്ചിക്കാന്‍ ഈ അവസരം മന്ത്രി ഉപയോഗപെടുത്തുന്നുവെന്ന് ബോധ്യപെട്ടപ്പോള്‍ സമസ്ത അദാലത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന് മന്ത്രിയെ നേരിട്ടറിയിക്കുകയായിരുന്നു . ഇതൊന്നും സമസ്ത മന്ത്രിക്കെതിരെ പ്രചരണായുധമാക്കിയിട്ടില്ല .

ആദരണീയരായ നേതാക്കള്‍ക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുമായിരിക്കും ഉചിതമെന്ന് ശ്രദ്ധയില്‍ പെടുത്തുന്നു .

ചന്ദ്രിക വെബ് ഡെസ്‌ക്‌: