ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ, ഹമാസ് 2 ബന്ദികളെ കൂടി മോചിപ്പിച്ചു. വയോധികരായ 2 വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.
ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ഗസ്സയിലെ മരണ സംഖ്യ 5,100 കടന്നു. മരിച്ചവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. ഫലസ്തീന്‍ ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം പരിക്കേറ്റവരുടെ എണ്ണം 15,275 കവിയും.
ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയില്‍വെച്ചിരുന്ന 2 ബന്ദികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രാഈലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ റേഡിയോ അവകാശപ്പെടുന്നു.
യുദ്ധനിയമങ്ങള്‍ പോലും പാലിക്കാതെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തെ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷണര്‍ വിമര്‍ശിച്ചു. ഇസ്രാഈലിന്റെ പ്രതിരോധം നിയമങ്ങള്‍ പാലിച്ചാകണമെന്നും, സിവിലിയന്‍മാര്‍ക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറല്‍ കുറ്റപ്പെടുത്തി. തടവില്‍ കഴിയുന്ന തങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാളെ ഇസ്രാഈല്‍ കൊന്നു കളഞ്ഞതായി ഹമാസ് പറഞ്ഞു.
പോരാട്ടം രൂക്ഷമാകുമ്പോള്‍ ജാഗ്രതയിലാണ് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍. വരും ദിവസങ്ങളില്‍ മേഖലയിലെ യു.എസ് സൈനികര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍ ആത്മരക്ഷാര്‍ഥമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പെന്റഗന്‍ നിര്‍ദേശം.
അതിനിടെ, സിറിയയില്‍ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള അല്‍ ഒമര്‍ എണ്ണപ്പാടത്ത് സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം രൂക്ഷമാകവെ ഫലസ്തീന്‍ ഇസ്രാഈല്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ആവശ്യപെട്ട് അമേരിക്ക കത്ത് നല്‍കിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടവരുത്തരുത് എന്ന് കൂടി ആവശ്യപ്പെടുന്ന രണ്ട് കത്തുകളാണ് കൈമാറിയത്. സംഘര്‍ഷത്തിന് ഉത്തരവാദി അമേരിക്കയാണ് എന്ന് കത്തിന് മറുപടി നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ ഉമര്‍ അബ്ദുല്ലാഹിയാന്‍ പ്രതികരിച്ചു.
കനത്ത വ്യോമാക്രമണത്തിലും, ഇസ്രാഈല്‍ ഉപരോധത്തിലും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ വലയുകയാണ് ഗസ്സ. 54 ട്രക്കുകള്‍ മാത്രമാണ് റഫ അതിര്‍ത്തി വഴി സഹായവുമായി എത്തിയത്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട മരുന്നിനും, ചികിത്സാ ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നു. പിറന്നുവീഴുന്ന കുട്ടികളുടെ ജീവന്‍ പോലും അപകടത്തിലാണ്. ആശുപത്രികള്‍ക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.