ഇസ്രാഈല്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ തലവന്‍ റോനന്‍ ബാറിനെ പദവിയില്‍ നിന്ന പുറത്താക്കി. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ തലവനെ സ്ഥാനത്തുനിന്ന് നീക്കുന്നത്. റോനന്‍ ബാറിന്മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
റോനന്‍ ബാറിനെ പുറത്താക്കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശം മന്ത്രിസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ 10ന് അല്ലെങ്കില്‍ ഒരു സ്ഥിരം ഐഎസ്എ ഡയറക്ടറെ നിയമിക്കുമ്പോള്‍, റോണന്‍ ബാറിന്റെ ചുമതലകള്‍ അവസാനിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സി ഡയറക്ടര്‍ കൂടിയാണ് റോനന്‍ ബാര്‍.
അധികാര കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുള്ള ബാറിനെ, 2021 ജൂണിനും 2022 ഡിസംബറിനും ഇടയില്‍ നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ മുന്‍ ഇസ്രാഈലി സര്‍ക്കാരാണ് നിയമിച്ചത്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പുതന്നെ നെതന്യാഹുവുമായുള്ള ബാറിന്റെ ബന്ധം വഷളായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച നിര്‍ദിഷ്ട ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെ ചൊല്ലിയുള്‍പ്പെടെയായിരുന്നു ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം.
ഹമാസ് ആക്രമണം തടയുന്നതില്‍ ഏജന്‍സിയുടെ സ്വന്തം പരാജയം റിപ്പോര്‍ട്ടില്‍ ഷിന്‍ ബെറ്റ് അംഗീകരിച്ചിരുന്നു. നിശബ്ദ നയമാണ് ഹമാസിനെ വന്‍തോതിലുള്ള സൈനിക വിന്യാസത്തിന് സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതോടൊപ്പം, ഷിന്‍ ബെറ്റ് നെതന്യാഹുവിന്റെ അടുത്ത സഹായികള്‍ക്കെതിരെ ദേശീയ സുരക്ഷാ ലംഘനങ്ങള്‍ ആരോപിച്ച് അന്വേഷണം നടത്തുന്നുമുണ്ട്. ഇതും ബാറിനെ പുറത്താക്കാന്‍ കാരണമായെന്നാണ് സൂചന.നിലവില്‍ നടക്കുന്ന അഴിമതി വിചാരണയ്‌ക്കൊടുവില്‍ നെതന്യാഹുവിന് ജയില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിന്‍ ബെറ്റ് ഏജന്‍സി ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമെന്ന് ബാര്‍ സൂചന നല്‍കിയിരുന്നു. വ്യാഴാഴ്ച, നെതന്യാഹുവിന്റെ തീരുമാനത്തിന് മറുപടിയായി സര്‍ക്കാരിന് അയച്ച കത്തില്‍, പിരിച്ചുവിടല്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബാര്‍ കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാനുള്ള തീരുമാനം പൂര്‍ണമായും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമാണെന്നും തികച്ചും അസ്വീകാര്യമായ ഉദ്ദേശ്യങ്ങളാല്‍ ഉള്ളതാണെന്നും ബാര്‍ ചൂണ്ടിക്കാട്ടി.
‘ഇസ്രായേല്‍ നിലവില്‍ വളരെ ദുഷ്‌കരവും സങ്കീര്‍ണവുമായ കാലഘട്ടത്തിലാണ്. ഗസ്സയുടെ ഹൃദയഭാഗത്ത് 59 ബന്ദികള്‍ ഇപ്പോഴും ഉണ്ട്. ഹമാസ് പരാജയപ്പെട്ടിട്ടില്ല. നമ്മള്‍ ഒരു ബഹുമുഖ യുദ്ധത്തിന്റെ നടുവിലാണ്. ഇറാന്റെ കൈ രാജ്യത്തേക്ക് ആഴത്തില്‍ എത്തുന്നു’- കത്തില്‍ ബാര്‍ കൂട്ടിച്ചേര്‍ത്തു.
ബാറിനെതിരെയുള്ള നീക്കത്തിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രാഈലില്‍ പ്രതിഷേധം തുടരുകയാണ്. രണ്ട് മാസം നിലനിന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. 59 ഇസ്രാഈലി ബന്ദികള്‍ ഇപ്പോഴും ഫലസ്തീനില്‍ തുടരുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.