ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ യഹിയ സിന്‍വാറിനെ പുതിയ തലവനായി പ്രഖ്യാപിച്ച് ഹമാസ്. ഗസയിലെ ഹമാസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന നേതാവാണ് യഹിയ സിന്‍വാര്‍. കഴിഞ്ഞ ദിവസമാണ് യഹ്‌യയെ പുതിയ തലവനായി തെരഞ്ഞെടുത്ത വിവരം ഹമാസ് പുറത്ത് വിട്ടത്.
‘ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് ഹമാസിന്റെ രക്തസാക്ഷി കമാന്‍ഡര്‍ ഇസ്മായില്‍ ഹനിയയുടെ പിന്‍ഗാമിയായി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി കമാന്‍ഡര്‍ യഹിയ സിന്‍വാറിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നു. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ,’ പുറത്ത് വിട്ട പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു. യഹ്യയെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തതെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാന്‍ പറഞ്ഞു.
‘സിന്‍വാറിനെ ഏകകണ്ഠമായാണ് ഹമാസ് നേതൃത്വം തെരഞ്ഞെടുത്തത്. പ്രസ്ഥാനത്തിന്റെ തീരുമാനമാണിത്. ഇസ്രാഈലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സിന്‍വാര്‍ എപ്പോഴും പങ്കെടുത്തിരുന്നു,’ ഒസാമ പറഞ്ഞു. ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിന്‍വാറിനെ 1980 കളുടെ അവസാനത്തില്‍ ഇസ്രാഈല്‍ 4 ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2006-ല്‍ അതിര്‍ത്തി കടന്നുള്ള റെയ്ഡില്‍ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രാഈലി സൈനികന്‍ ഗിലാദ് ഷാലിത്തിന് പകരമായി 2011-ല്‍ 1,047 ഫലസ്തീന്‍ തടവുകാരോടൊപ്പം അദ്ദേഹത്തെ മോചിപ്പിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മുന്‍ കമാന്‍ഡറായ സിന്‍വാര്‍, ഹമാസിലെ ഒരു പ്രമുഖ നേതാവെന്ന നിലയില്‍ തന്റെ സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2017 ല്‍ അദ്ദേഹം ഗസയിലെ ഹമാസിന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഖാലിദ് മെഷാല്‍, ഖലീല്‍ അല്‍-ഹയ്യ, മൂസ അബു മര്‍സൂഖ്, മുഹമ്മദ് ദെഇഫ്, മര്‍വാന്‍ ഇസ എന്നിവരായിരുന്നു ഹനിയയുടെ പകരക്കാരായി കാണപ്പെട്ട മറ്റ് ഹമാസ് നേതാക്കള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിന്‍വാറിനെ ഇസ്രാഈല്‍ കാണുന്നത്.
സിന്‍വാര്‍ ഇസ്രാഈലിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറിയെന്നും ഗസയിലെ ഇസ്രാഈലി ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉപേക്ഷിച്ചെന്നും പകരം സിന്‍വാറിനെ പിന്തുടരുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും ഒരു ഇസ്രാഈലി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.