ഹൗറ: ചണ്ഡിഗറിന് അഞ്ച് ഗോളുകളാണ് കേരളം സമ്മാനിച്ചത്. അവരെക്കാള്‍ പ്രബലരായ മണിപ്പൂരിന് ഇന്നലെ സമ്മാനിച്ചതാവട്ടെ ഒരു ഗോള്‍ കൂട്ടി ആറ് ഗോളുകള്‍…! ഗ്രൂപ്പില്‍ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ ശക്തിക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ സന്തോഷ് ട്രോഫി ഗ്രൂപ്പ് എ യില്‍ ബംഗാളിനൊപ്പം കേരളം ആറ് പോയന്റുമായി ഒന്നാമതെത്തി. ശൈലന്‍ മന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മൈതാനത്ത് നടന്ന മല്‍സരത്തിന്റെ ആദ്യ 45 മിനുട്ട് ഗോളുകളുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു അര ഡസന്‍ ഗോളുകളുമായി മണിപ്പൂരുകാരുടെ വല കേരളം നിറച്ചത്. രണ്ടാം പകുതി തുടങ്ങിയതും സബ്‌സ്റ്റിറ്റിയൂട്ട് വി.കെ അഫ്ദാലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിറകെ കെ.പി രാഹുല്‍, ജിതിന്‍ ഗോപാലന്‍ (2) ജിതിന്‍ എം.എസ് എന്നിവരും മികവ് തെളിയിച്ചപ്പോള്‍ അവസാന ഗോള്‍ മണിപ്പൂര്‍ താരം റോഷന്‍ സിംഗിന്റെ വക സെല്‍ഫായിരുന്നു.
മല്‍സരം നിറയെ കേരളമായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിനെങ്കിലും ലീഡ് ചെയ്യേണ്ട ടീമിന് മുന്നില്‍ നിര്‍ഭാഗ്യം വില്ലനായി. സജിത് പൗലോസിന്റെയും ശീശന്റെയും ശ്രമങ്ങള്‍ പുറത്തായി. സജിതിന്റെയും അനുരാഗിന്റെയും രണ്ട് കിടിലന്‍ ഷോട്ടുകളാവട്ടെ മണിപ്പൂര്‍ ഗോള്‍ക്കീപ്പര്‍ തടയുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ അവസരങ്ങളെ കേരളം കൈവീട്ടില്ല. ജിതിന്‍ ഗോപാലിന്റെ സുന്ദരമായ ക്രോസാണ് അഫ്ദാല്‍ ലക്ഷ്യത്തിലെത്തിച്ചത്. അഫ്ദാലിന്റെ പാസില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. രാഹുലിന്റെ പാസില്‍ നിന്ന് ജിതിന്‍ മൂന്നാം ഗോള്‍ നേടിയതോടെ ചിത്രം വളരെ വ്യക്തമായി. എഴുപത്തിയൊന്നാം മിനുട്ടില്‍ ജിതിന്‍ തന്റെ രണ്ടാം ഗോളും നേടി. അതിനിടെ മണിപ്പൂരിനും അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കേരളത്തിന്റെ പ്രതിരോധം കരുത്ത് കാട്ടി. എണ്‍പത്തിനാലാം മിനുട്ടില്‍ ജിതിന്‍ ഗോപാല്‍ അഞ്ചാം ഗോള്‍ നേടി. എന്നിട്ടും വിശ്രമിക്കാതെ കേരളം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മണിപ്പൂര്‍ ഡിഫന്‍സ് വിയര്‍ത്തു. ജിതിന്റെ ഷോട്ട് തടയുന്നതിനിടെ റോഷന്‍ സിംഗിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറിയതോടെ മണിപ്പൂരിന്റെ സ്ഥീതി ദയനീയമായി. കേരളം അടുത്ത മല്‍സരത്തില്‍ 25ന് മഹാരാഷ്ട്ര നേരിടും.
ഇന്നലെ സാള്‍ട്ട്‌ലെക്കില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 2-1ന് ചണ്ഡിഗറിനെ പരാജയപ്പെടുത്തി. ഇതോടെ ചണ്ഡിഗറിന്റെ സെമി പ്രതീക്ഷകളും അവസാനിച്ചു. ആദ്യ മല്‍സരത്തില്‍ കേരളത്തോട് തകര്‍ന്ന അവര്‍ രണ്ടാം മല്‍സരത്തില്‍ മണിപ്പൂരുമായി സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക.