പുണെ: ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഹല്‍ദി ചടങ്ങിനിടെ തന്റെ ദേഹത്ത് അമിതമായി മഞ്ഞള്‍ തേച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്‌നിമാഗനില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം.
മുഖ്യപ്രതിയായ ജസ്‌നാന്‍ പോപട് പവാറിനെയും (25) പിതാവ് യോഗേഷ് നാരാണ്‍ പവാറിനെയും അറസ്റ്റ് ചെയ്തു. 20കാരിയായ സീമ പവാറാണ് കൊല്ലപ്പെട്ടത്.ബന്ധുവിന്റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികള്‍. ഹല്‍ദി ചടങ്ങിനിടെ മഞ്ഞള്‍ അമിതമായി പുരട്ടിയെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. ഇരുവരും ഉറങ്ങാന്‍ കിടന്ന ശേഷം സമീപത്തുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ എടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒമ്പത് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മരിച്ച സീമ ജസ്‌നാന്‍ പവാറിന്റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭര്‍ത്താവുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.