X

‘ആ പണം ഭീകരവാദത്തിന്’ ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കും’; ബി.ജെ.പി എം.എൽ.എ

ഉത്തര്‍പ്രദേശിന് സമാനമായി ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ മഹാരാഷ്ട്രയിലും നിരോധിക്കുമെന്ന് ബി.ജെ.പി എംഎല്‍എ. കന്‍കാവ്ലി മണ്ഡലം എം.എല്‍.എ നിതേഷ് റാണെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റിനായി സ്വരൂപിക്കുന്ന പണം ഭീകരവാദത്തിനാണ് ഉപയോഗിക്കുന്നതെന്നും റാണെ ആരോപിച്ചു.

ഹലാല്‍, ജിഹാദ്, ഹലാല്‍ ജിഹാദ് എന്നിവയെ ഗൗരവതരമായി കാണുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സ്വരൂപിക്കുന്ന പണം തീവ്രവാദത്തിനാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉല്‍പ്പന്നങ്ങള്‍ യു.പിയില്‍ നിരോധിച്ചതുപോലെ മഹാരാഷ്ട്രയിലും നിരോധിക്കും. ഞാനതിനെ കുറിച്ച് സംസാരിക്കും- റാണെ പറഞ്ഞു.

രണ്ട് കമ്പനികളാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അവ രണ്ടും മഹാരാഷ്ട്രയിലാണ്. അവ രണ്ടും നിരോധിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഞാന്‍ കത്തയക്കും- എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 18നാണ് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ നിര്‍മിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിവിധ ഉത്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ലഖ്നോവില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ ഒരു കമ്പനിക്കും മൂന്നു സംഘടനകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

 

 

webdesk13: