X
    Categories: indiaNews

ഇന്ത്യന്‍ യുദ്ധവിമാനത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാകിസ്താന് കൈമാറി; എച്ച്.എ.എല്‍ ജീവനക്കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്താനുമായി ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എല്‍.) ജീവനക്കാരന്‍ പിടിയില്‍. ഇന്ത്യന്‍ യുദ്ധവിമാനത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് കൈമാറിയ എച്ച്.എ.എല്‍ ജീവനക്കാരനായ ദീപക് ഷിര്‍സാതാണ് അറസ്റ്റിലായത്. എച്ച്.എ.എല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി പ്രവര്‍ത്തിക്കുന്ന ഇയാെ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ യുദ്ധവിമാനത്തെ കുറിച്ചും അതിന്റെ നിര്‍മാണ കേന്ദ്രത്തെ കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും വാട്ട്സ് ആപ്പിലൂടെയും ദീപക് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് കൈമാറിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

നാസിക്കിനു സമീപം ഒസാറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എ.എല്ലിന്റെ എയര്‍ ക്രാഫ്റ്റ് നിര്‍മാണ യൂണിറ്റ്, വ്യോമതാവളം, നിര്‍മാണ കേന്ദ്രത്തിലെ നിരോധിത മേഖല എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളാണ് ഐ.എസ്.ഐക്ക് കൈമാറിയതായാണ് വിവരം. ദീപക്ക് ഐ.എസ്.ഐയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നാസിക്ക് യൂണിറ്റിന് ഇയാള്‍ക്കെതിരെ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക രഹസ്യ നിയമം പ്രകാരമാണ് ഇയാള്‍ക്കെതിര കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് മൊബൈലുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍ എന്നിവയും ദീപക്കില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

chandrika: