റിയാദ് : കെട്ടിടത്തിൽ നിന്നും താഴെ വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട യുവ കമ്പ്യൂട്ടർ എഞ്ചിനീയറുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. കോഴിക്കോട് കുന്ദമംഗലം പോലൂർ തയ്യിൽ പരേതനായ അബ്ദുള്ള മൗലവിയുടെ മകൻ അബ്ദുൽ ഹക്കീ മിന്റെ (32) മൃതദേഹമാണ് വൈകീട്ട് 4 മണിയോടെ നാട്ടിൽ മറവ് ചെയ്തത്.
നീണ്ട അഞ്ചര മാസത്തെ ചികിത്സക്കൊടുവിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് റിയാദിലെ അൽ മുവാസാത് ഹോസ്പിറ്റലിൽ വെച്ച് ഹക്കീം മരിച്ചത്. റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി വെൽ ഫെയർ വിംഗ് തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി ഒമ്പതര മണിക്കാണ് ശ്രീലങ്കൻ എയർലൈൻസിൽ കൊളമ്പോ വഴി മയ്യിത്ത് നെടുമ്പാശ്ശേരിയിലേക്ക് അയച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് നെടുമ്പാശ്ശേരിയിലെത്തിയ മയ്യിത്ത് കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി വൈകീട്ടോടെ നാട്ടിൽ ഖബറടക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂൺ 3നാണ് ഹക്കീം താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും കാൽ തെന്നി വീണത്. സാരമായി പരിക്കേറ്റ ഹക്കീമിനെ ഉടൻ തന്നെ ഭാര്യ ഡോ.റെസ്നിയും അയൽ വാസികളും കൂടി റിയാദിലെ അൽ മുവാസാത്ത് ആശുപത്രിയിലെത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും കഴിഞ്ഞ അഞ്ചര മാസത്തോളമായി അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഹക്കീമിനെ പലതവണ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയിൽ കാര്യമായ പുരോഗതി കാണാത്തതിനാൽ നാട്ടിലേക്ക് മാറ്റാൻ പല തവണ ശ്രമിച്ചു. നിരന്തരമായ ശ്രമത്തിനൊടുവിൽ യാത്രാനുമതി ലഭിച്ചെങ്കിലും പോകുന്നതിന്റെ ഒരു ദിവസം മുമ്പ് ചികിത്സിക്കുന്ന ഡോക്ടർ യാത്ര റദ്ദ് ചെയ്യണമെന്നും ഉടനെ ശസ്ത്ര ക്രിയക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട്ടതിനെ ആദ്യ തവണ യാത്ര മാറ്റി വെക്കേണ്ടി വന്നു. ഒരു മാസത്തിന് ശേഷം വീണ്ടും യാത്രാനുമതി നേടിയെടുത്ത് ഹക്കീമിനെയും കൊണ്ട് ഭാര്യയും സാമൂഹ്യ പ്രവർത്തകരും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ യാത്ര വീണ്ടും മുടങ്ങി. രണ്ട് തവണ യാത്ര മുടങ്ങിയതിനെ തുടർന്ന് നിരാശരായ കുടുംബവും സാമൂഹ്യ പ്രവർത്തകരും പിന്നീട് എയർ ആംബുലൻസ് വഴി ഹകീമിനെ നാട്ടിലെത്തിക്കുന്നതിനുള്ള അവസാന ശ്രമത്തിലായിരുന്നു. നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ നൽകി ഹക്കീമിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാമെന്നുള്ള ഭാര്യയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടര മണിയോടെ ഹക്കീം വിടവാങ്ങിയത്.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ, വെൽ ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വനിതാ വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ, ഷാഹിദ് മാസ്റ്റർ , റിയാദ് ഹെൽ പ്പ് ഡെസ്ക് ഭാരവാഹികളായ നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, അർഷാദ് ഫറോക്ക് (കൊഴിക്കോടൻസ്), മഹ്‌റൂഫ് പൂളമണ്ണ, മൈമൂന ടീച്ചർ, അബൂബക്കർ , എംബസ്സി ഉദ്യോഗസ്ഥർ , ഹകീമിന്റെ സ്പോൺസർ എന്നിവരും അപകടം നടന്ന സമയം മുതൽ എല്ലാ വിധ സഹായങ്ങളും നൽകാൻ രംഗത്തുണ്ടായിരുന്നു. ഹക്കീമിന്റെ ഭാര്യ ഡോ. പി.കെ റെസ്നിയെ അപകടം നടന്ന ദിവസം തന്നെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി ആശ്വാസവും അഭയവും നൽ കിയ കെഎംസിസി വനിതാ വിങ് ജനറൽ സെക്രട്ടറി ജസീല മൂസയുടെ പ്രവർത്തനം ഏറെ ശ്രദ്ദിക്കപ്പെട്ടു. കൂടാതെ ഹകീമിന്റെ മരണത്തിന് ശേഷം ഏറെ മാനസിക പ്രയാസമനുഭവിച്ച റെസ്‌നിയെ അനുഗമിച്ച് നാട്ടിലെത്തിക്കുന്ന ദൗത്യവും ജസീല ഏറ്റെടുക്കുകയിയിരുന്നു. ഹക്കീമിന്റെ മരണത്തെ തുടർന്ന് പിറ്റെ ദിവസമാണ് റെസ്‌നി ജസീലയോടൊപ്പം നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തിയ മയ്യത്തിന്റെ അനന്തര കർമ്മങ്ങൾക്ക് സി.എച്ച് സെന്റർ, വൈറ്റ് ഗാർഡ്, യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വം നൽകി.
റിയാദിൽ മരിച്ച ഹകീമിന്റെ മയ്യിത്ത് നാട്ടിൽ ഖബറടക്കി
Related Post