അഷ്‌റഫ് വേങ്ങാട്ട്
മക്ക: ഒന്നേമുക്കാൽ ലക്ഷം ഇന്ത്യൻ തീർത്ഥാടകർ ഇന്ന് വൈകിട്ടോടെ തമ്പുകളുടെ നഗരമായ മിനായിലേക്ക് പുറപ്പെടും . മിനായിൽ കിംഗ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിംഗ് ഫഹദ് റോഡിനും ഇരുവശവുമായിരിക്കും ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ . ഈ ഭാഗത്ത് തന്നെ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഓഫീസും മെഡിക്കൽ സെന്ററുമുണ്ടാകും. ഇന്ന് വൈകീട്ട് മിനായിലേക്ക് പുറപ്പെടാൻ തയ്യാറായിരിക്കണമെന്ന് ഇന്ത്യൻ മിഷൻ തീർത്ഥാടകരെ അറിയിച്ചിട്ടുണ്ട്.
175025 തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ മുംബൈയിൽ നിന്നെത്തിയ തീർത്ഥാടകർ ജിദ്ദയിലിറങ്ങിയതോടെ ഇന്ത്യൻ സംഘത്തിന്റെ ഇക്കൊല്ലത്തെ ഹജ്ജിനുള്ള വരവ് പൂർത്തിയായി. കേരളത്തിൽ നിന്ന് 11252 പേരാണുള്ളത്. 4232 പുരുഷന്മാരും 6899 സ്ത്രീകളും. അറഫയിലേക്ക് ഇവരെ അനുഗമിക്കാൻ നാട്ടിലെ നിന്നെത്തിയ 550 ലധികം ഹജ്ജ് വളണ്ടിയർ സംഘം കൂടെയുണ്ടാകും. മഹ്‌റമില്ലാതെ ഹജ്ജിനെത്തിയ 2733 വനിതാ ഹാജിമാർക്ക് ഒമ്പത് വനിതാ വളണ്ടിയർമാരുൾപ്പടെ 28 അംഗ വളണ്ടിയർ സംഘത്തിന്റെ സഹായവുമുണ്ടാകും. ഇവർക്കുള്ള താമസ സൗകര്യവും യാത്രയുമെല്ലാം പ്രത്യേകമായാണ് ഒരുക്കിയിട്ടുള്ളത്.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ ഏഴായിരത്തോളം മലയാളി തീർത്ഥാടകരും മക്കയിലുണ്ട്. ഇവരും മുത്തവിഫിന്റെ നിർദേശപ്രകാരം ഇന്ന് മിനായിലേക്ക് നീങ്ങും. മദീനയിലിറങ്ങിയ ഇന്ത്യൻ തീര്ഥാടകരെല്ലാം ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഇവരിൽ ഒരു തീർത്ഥാടകൻ രോഗബാധിതനായി മദീനയിൽ ആശുപത്രിയിലുണ്ട്. ഇദ്ദേഹത്തെ അറഫാ സംഗമത്തിന് മുമ്പായി എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ. ഇന്ത്യയിൽ നിന്നുള്ള വളണ്ടിയർ സംഘത്തെ നയിക്കുന്നത് മുൻ മലപ്പുറം ജില്ലാ കളക്ടർ കൂടിയായ ജാഫർ മാലിക് ആണ്. ഹജ്ജ് സർവീസ് കമ്പനിയുടെ പ്രത്യേക ബസുകളിലാണ് മിനായിൽ നിന്ന് അറഫയിലേക്ക് ഇന്ത്യൻ സംഘം യാത്രയാവുക.
ഇന്ത്യൻ തീര്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ ഇന്ത്യൻ ഹജ്ജ് മിഷനും കെഎംസിസി ഉൾപ്പടെയുള്ള സന്നദ്ധ സേവക വ്യൂഹവും മുഴുസമയമെന്നോണം കർമ്മനിരതരാണ്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമാന്വേഷണത്തിന് മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഇരുവരും മുൻവർഷങ്ങളിൽ ജിദ്ദയിൽ ഹജ്ജ് കോൺസുൽ രംഗത്ത് കഴിവ് തെളിയിച്ചവരും ഏറെ പരിചയസമ്പന്നരുമാണ്. മലയാളി കൂടിയായ ഹജ്ജ് കോൺസൽ മുഹമ്മദ് ജലീൽ ഒരുക്കങ്ങളെല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും സദാ സമയമെന്നോണം പുണ്യ ഭൂമിയിലുണ്ട് അറഫാ, മിന ടെന്റുകളിലേക്കുള്ള കൂപ്പണുകൾ, മെട്രോ ട്രെയിൻ ടിക്കറ്റ്, ബലികൂപ്പൺ എന്നിവ ഹജ്ജ്‌മിഷൻ തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള പകുതിയോളം പേർക്ക് മാത്രമേ ഇത്തവണ മശാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുള്ളൂ. ഒന്നേമുക്കാൽ ലക്ഷം പേരിൽ നിന്ന് എണ്പതിനാലായിരം പേർക്കാണ് ആ ഭാഗ്യം കിട്ടിയത്. മിനായിൽ നിന്ന് അറഫയിലേക്കും പിന്നീട് ജംറകളിലേക്കുമെല്ലാം ഇവർക്ക് ബസ്സിനെ ആശ്രയിക്കുന്നതിന് പകരം മെട്രോയിൽ കയറി യാത്ര ചെയ്യാം. മശാഇറിൽ യാത്ര ചെയ്യാൻ നറുക്ക് വീണവർക്ക് യാത്ര ടിക്കറ്റ് കൈമാറിയിട്ടുണ്ട്.
ഹജ്ജിനെത്തിയ 29 ഇന്ത്യക്കാർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇവരിൽ അഞ്ച് പേർ മലയാളികളായിരുന്നു. മരണപ്പെട്ട ചിലരുടെ കുടുംബാംഗങ്ങൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്.