അഷ്‌റഫ് വേങ്ങാട്ട്
മക്ക: പതിനഞ്ച് കൊല്ലത്തിലധികം മുമ്പ് ഇസ്രായില്‍ വേര്‍പ്പെടുത്തിയ ഫലസ്തീനി സഹോദരങ്ങള്‍ക്ക് മിന കാത്തുവെച്ചത് പുനഃസമാഗമത്തിന്റെ ഹജ്ജ് പെരുന്നാള്‍. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നും എത്തിയ സമീറിനും ബുഷ്‌റക്കുമാണ് ലോക മുസ്‌ലിംകളുടെ പരിഛേദമായി സമ്മേളിച്ച ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന തീര്‍ഥാടരുടെ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതവും ഭക്തിനിര്‍ഭരവുമായ മിന താഴ്‌വരയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുന്നതിന് ഭാഗ്യം സിദ്ധിച്ചത്. ദുല്‍ഹജ്ജ് പത്തിന് ബലി പെരുന്നാള്‍ ദിവസം മിനയില്‍ തങ്ങള്‍ക്ക് ഒരുക്കിയ തമ്പില്‍ വെച്ച് സഹോദരനെ കണ്‍മുന്നില്‍ കണ്ട ബുഷ്‌റക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പരസ്പരം ഇനിയൊരിക്കലും കാണാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ അസ്തമിച്ച് കഴിഞ്ഞുവരികയായിരുന്ന ബുഷ്‌റയും സമീറും.
തമ്പില്‍ സഹോദരനെ കണ്ട ബുഷ്‌റ ഓടിയണഞ്ഞ് വാരിപ്പുണര്‍ന്ന് ഒന്നര ദശകം നീണ്ട വേര്‍പാട് തീര്‍ത്ത വേദനകള്‍ക്ക് ശമനംകണ്ടു. സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ട് പേര്‍ക്കും അവസരം ലഭിച്ചത് യാദൃച്ഛികതയോടൊപ്പം അത്യപൂര്‍വ സൗഭാഗ്യവുമായി. ഇരുവരുടെയും പുനഃസമാഗമം കണ്ടുനിന്നവരുടെ കണ്ണുകളിലും ആനന്ദാശ്രു പൊഴിച്ചു.
ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളില്‍ പെട്ട ആയിരം പേര്‍ ആണ് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയിരിക്കുന്നത്. ഇതില്‍ 500 പേര്‍ ഗാസയില്‍ നിന്നും 500 പേര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ളവരാണ്. രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള ഭാഗ്യം ഇത്തവണ ബുഷ്‌റയെയും തേടിയെത്തി. ഈജിപ്തില്‍ ഭീകരാക്രമണങ്ങളില്‍ വീരമൃത്യുവരിച്ച സൈനികരുയെയും പൊലിസ് ഉദ്യോഗസ്ഥരുടെയും ആയിരം ബന്ധുക്കളും ഇതേപോലെ രാജാവിന്റെ അതിഥികളായി എത്തിയിട്ടുണ്ട്. യമന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സുഡാന്‍ സൈനികരുടെ 250 ബന്ധുക്കള്‍ക്കും രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള 1,500 ലേറെ വരുന്ന ഹാജിമാരെയും രാജാവിന്റെ അതിഥികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേരും സല്‍മാന്‍ രാജാവിന്റെ വിശിഷ്ടാതിഥികളായി ഹജ്ജിന് എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുന്നതിന് ആസ്‌ത്രേലിയയില്‍ കഴിയുന്ന സമീറിന് നിനച്ചിരിക്കാതെ ഭാഗ്യമുണ്ടായി.
സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ച കാര്യം സമീറും ബുഷ്‌റയും പരസ്പരം അറിയിച്ചിരുന്നില്ല. ഇതാണ് മിനയില്‍ വെച്ചുള്ള പുനഃസമാഗമം ഇരുവര്‍ക്കും തീര്‍ത്തും അപ്രതീക്ഷിതമായി മാറിയത്. സഹോദരന്‍ സമീറിനെ അവസാനമായി കണ്ട നിമിഷം ഇപ്പോഴും തന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെന്നും ഇടക്കിടക്ക് ആ ദൃശ്യങ്ങള്‍ താന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ടെന്നും ബുഷ്‌റ പറഞ്ഞു. പുണ്യഭൂമിയില്‍ വെച്ച് ബലി പെരുന്നാള്‍ ദിവസത്തില്‍ വീണ്ടും പരസ്പം കാണുന്നതിനുള്ള ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ബുഷ്‌റ പറഞ്ഞു.
ഫലസ്തീനില്‍ പ്രവേശിക്കുന്നതിന് ഇസ്രായില്‍ അനുമതി നിഷേധിക്കുന്നതിനാല്‍ ഇനിയൊരിക്കലും സഹോദരിയെ ജീവനോടെ കാണാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിച്ചതല്ലെന്ന് സമീര്‍ പറഞ്ഞു. സഹോദരിയെ വീണ്ടും കാണുന്നതിന് ഭാഗ്യവും അവസരവും നല്‍കിയ അല്ലാഹുവിനും കിംഗ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാമിനും നന്ദി പറയുകയാണ്. മിനയിലെ തമ്പില്‍ വെച്ച് സഹോദരിയെ കണ്ടെത്തിയ തന്റെ ആഹ്ലാദവും സന്തോഷവും വിവര്‍ണനാതീതമാണ്. രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിന് സഹോദരി ബുഷ്‌റ എത്തിയിട്ടുണ്ടെന്ന് മിനയില്‍ വെച്ചാണ് താന്‍ ആദ്യമായി അറിഞ്ഞത്. പിന്നീട് കൊടും ചൂട് വകവെക്കാതെ സഹോദരിക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കിംഗ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാം അധികൃതരും ഇതിന് സഹായിച്ചതായി സമീര്‍ പറഞ്ഞു.